ആലപ്പുഴ :288 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നഗരപാത വികസനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര പ്രാധാന്യമായ ഒരു നഗരമാണ് പ്രളയകാല ബുദ്ധിമുട്ടിനെ അതിജീവിച്ച് പുനർനിർമിതിയിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നഗരവികസന പദ്ധതിയുടെ ഭാഗമായി 22 റോഡുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയുടെ ജീവനാഡികളായ കനാലുകൾ അഴുക്കടിഞ്ഞ് ഉപയോഗശൂന്യമായി .108 കോടി മുടക്കുമുതലിൽ ഒൻപതു കനാലും മറ്റു ചെറു കനാലുകളും നാലു ഘട്ടങ്ങളിയായി നവീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ മെയ് 31ന് മുമ്പ് പൂർത്തിയാക്കാനാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായെന്നും സമയബന്ധിതമായി പണികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. ധനകാര്യ കയർ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കളക്ടർ എസ് സുഹാസ്,കെ.ആർ.എഫ്.ബി ചീഫ് എസ്സിക്യൂട്ടീവ് ഓഫീസർ ദീപ്തി ഭാനു, കെ ആർ എഫ് ബി പ്രൊജക്റ്റ് മാനേജർ കെ ദിവാകരൻ, ആലപ്പുഴ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ഡി ലക്ഷ്മണൻ, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ എന്നിവർ സംസാരിച്ചു.