തീരദേശ-തോട്ടം-ഗോത്ര മേഖലകളിലെ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്‌പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ‘ഏങ്കള സ്‌കൂളു’ പദ്ധതിക്ക് കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കം. സംസ്ഥാനത്തെ ആറു സ്‌കൂളുകളിലാണ് എൻറിച്ച് പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിലൊന്നാണ് കാട്ടിക്കുളം. രണ്ട് അക്കാദമിക വർഷങ്ങളിലേക്കായി 32.5 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്.
തിരുനെല്ലി, അപ്പപ്പാറ, ബാവലി, കാട്ടിക്കുളം, പാൽവെളിച്ചം, പനവല്ലി, ബേഗൂർ എന്നിവിടങ്ങളിലെ കോളനികളിൽ നിന്ന് എഴുനൂറിലധികം ഗോത്രവർഗ വിദ്യാർത്ഥികളാണ് കാട്ടിക്കുളം സ്‌കൂളിലുള്ളത്. മുഖ്യധാരയിലേക്ക് വരാനുള്ള വൈമുഖ്യം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, വിദ്യാലയങ്ങളിൽ സ്ഥിരമായി വരാതിരിക്കൽ, ലഹരിവസ്തുക്കൾക്ക് അടിമപ്പെടുന്ന അവസ്ഥ, നല്ല മാതൃകകളുടെ അഭാവം തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ ആദിവാസി വിദ്യാർത്ഥികളുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമാണെന്നാണ് വിലയിരുത്തൽ. ഗോത്രവർഗ വിഭാഗങ്ങൾക്ക് മാനസിക പിന്തുണ നൽകുക, ഊരുകൂട്ടങ്ങൾ ശക്തിപ്പെടുത്തുക, തനത് ഭാഷയും കലകളും പ്രോൽസാഹിപ്പിക്കുക, മൽസരപ്പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകുക, തനതു ഭക്ഷ്യവിഭവങ്ങൾക്ക് പ്രചാരവും പ്രോൽസാഹനവും നൽകുക, കായികരംഗത്ത് കഴിവുകൾ പ്രകടിപ്പിക്കുന്നതിനാവശ്യമായ പരിശീലനവും പിന്തുണയും ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കാട്ടിക്കുളം സ്‌കൂൾ തയ്യാറാക്കിയ തനതു പരിപാടിയാണ് ഏങ്കള സ്‌കൂളു.
ഊരുൽസവങ്ങൾ, സ്‌കൂൾ ഗോത്ര ഫെസ്റ്റ്, കലാ-കരകൗശല-ഗോത്ര വിഭവ ഭക്ഷ്യമേളകൾ, കായിക കളരി, പഠനവീടുകൾ, സേഫ് ആന്റ് ക്ലീൻ ക്യാമ്പസ്, പഠനയാത്രകൾ, പഠനോപകരണ വിതരണം, സ്‌കൂൾ ടാലന്റ് ലാബ്, പ്രത്യേക പഠന പാക്കേജുകൾ എന്നിവ പദ്ധതിയുമായി ഭാഗമായി നടക്കും. ഗോത്രവിഭാഗക്കാരുമായുള്ള അടുപ്പം വർധിപ്പിക്കുക, മുഴുവൻ കുട്ടികളെയും വിദ്യാലയത്തിലെത്തിക്കുക, പഠനനിലവാരം ഉറപ്പുവരുത്തുക, ഉപരിപഠന-തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം വളർത്തുക തുടങ്ങിയവ പദ്ധതി ലക്ഷ്യംവയ്ക്കുന്നു. അപ്പപ്പാറ ഡിസി യുപി സ്‌കൂളിൽ നടന്ന ഊരുൽസവത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
