ജില്ലയിൽ മൂന്നു ഡിവിഷനുകളിലായി കത്തിനശിച്ചത് 119.7 ഹെക്ടർ വനം. വയനാട് വന്യജീവി സങ്കേതത്തിൽ 17 സംഭവങ്ങളിലായി 51.1 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനിൽ 14 ഇടങ്ങളിലായി 62 ഹെക്ടറും അഗ്നിക്കിരയായി. നോർത്ത് വയനാട് ഡിവിഷനിൽ അഞ്ചിടങ്ങളിലായി 6.6 ഹെക്ടറാണ് കത്തിനശിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് വയനാട്ടിൽ കാട്ടുതീ കുറവാണെന്നും ജനം പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ബന്ദിപ്പൂർ, മുതുമല ഭാഗങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കുകയാണ്. ഇതു വയനാട്ടിലെത്തുന്നതു തടയാൻ ആവശ്യമായ മുൻകരുതലുകളെക്കുറിച്ച് ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേർന്നു. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും കാടിനു തീയിടുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം.
അടിയന്തര ഘട്ടങ്ങളിൽ വ്യോമസേനയുടെ സഹായം തേടും. റോഡ് സൗകര്യമുള്ള പ്രദേശങ്ങളിൽ വനംവകുപ്പിനെ സഹായിക്കാൻ അഗ്നിശമനസേന സജ്ജമാണ്. കാട്ടുതീ പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ ഫയർ ജാക്കറ്റുകൾ വനംവകുപ്പിന് ലഭ്യമാക്കും. പ്രശ്‌നബാധിത മേഖലകളിൽ ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ചതായും വന്യജീവി സങ്കേതത്തിൽ ആവശ്യമെങ്കിൽ വോളന്റിയർമാരുടെ സഹായം തേടുമെന്നും വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വന്യജീവികൾ നാട്ടിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് സ്ഥിരമായി സംഘർഷമുണ്ടാവുന്ന പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തും.
കുറിച്യാട് റേഞ്ചിൽ കാടിനു തീപ്പിടിച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത് പൊലീസിന് കൈമാറിയ അന്വേഷണം ഊർജിതമാക്കാൻ തീരുമാനിച്ചു.
കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ വനംവകുപ്പിന്റെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തും. കാട്ടുതീയുടെ പശ്ചാത്തലത്തിൽ വന്യജീവികൾ കാടിറങ്ങാൻ സാധ്യതയുണ്ടെന്നും മുൻകരുതലെടുക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സബ് കളക്ടർ എൻ.എസ് കെ ഉമേഷ്, ജില്ലാ പൊലീസ് സൂപ്രണ്ട് ആർ. കറുപ്പസാമി, വൈൽഡ് ലൈഫ് വാർഡൻ എൻ.ടി സാജൻ, ഡിഎഫ്ഒമാരായ പി. രഞ്ജിത്കുമാർ, ആർ. കീർത്തി, സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ എ. ഷജ്‌ന, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
