ആലപ്പുഴ:നാട്ടിൽ നടപ്പാക്കാൻ കഴിയില്ല എന്ന് എല്ലാവരും വിശ്വസിച്ച പല പദ്ധതികളും ഈ ആയിരം ദിനത്തിൽ നടപ്പാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയ നിർമ്മാണോദ്ഘാടനം ചെങ്ങന്നൂരിലെ പെരുംകുളം പാടത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാത ആദ്യ ഘട്ടം 2020 ൽ പൂർത്തിയാകുമെന്നും തീരദേശ-മലയോര ഹൈവേകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നാഷണൽ ഹൈവേ സ്ഥലമെടുപ്പ് പൂർത്തിയാക്കൽ വേഗത്തിൽ നടക്കുന്നു. നാശത്തിന്റെ വക്കിലായിരുന്ന പൊതുവിദ്യാലയങ്ങളിലേക്ക് 3,48000 സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിലെത്തി. ക്ഷേമപെൻഷനുകൾ ആയിരം ദിവസത്തിൽ 600 ൽ നിന്ന് 1200 രൂപയാക്കി.
സംസ്ഥാന സർക്കാർ കായിക സംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നത്. 169 കായിക താരങ്ങൾക്ക് സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ ജോലി നൽകി കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. അസാധ്യമായതെല്ലാം ഒരോന്നായി സാധ്യമാക്കുന്ന സർക്കാരിണിത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് പുറമേ ശബരിമലയിൽക്കൂടി വിമാനത്താവളം നമ്മൾ സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. സ്‌പോർട്ട്‌സ് ചികിത്സയ്ക്കായി ആയുർവേദ ആശുപത്രി ഒരുക്കും. 2018 ലെ ബജറ്റിൽ 54 കോടി രൂപ ശിശുകേന്ദ്രീകൃത കായിക പരിശീലനത്തിന് മാറ്റിവച്ചിട്ടുണ്ട്. എല്ലാവരും ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ആഴ്ചകൾക്കുള്ളിൽ യാഥാർഥ്യാകും. കൂടംകുളത്തുനിന്ന് വൈദ്യുതി ലഭ്യമാക്കാൻ പവർഗ്രിഡ് കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. ആയിരം ദിനത്തിന്റെ മാറ്റങ്ങൾ എല്ലാ മേഖലയിലും പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് കുട്ടായ യജ്ഞം ആവശ്യമാണെന്നും, സമൂഹത്തിലെ എല്ലാ വർക്കും നീതിയെന്നതാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാൻ എം. എൽ.എ അധ്യക്ഷത വഹിച്ചു.സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ജെ ജോസഫ്, ജില്ലാ കലക്ടർ എസ്.സുഹാസ്, മുൻ എം.എൽ.എ ശോഭനാ ജോർജ്, മുൻ എം.പി തോമസ് കുതിരവട്ടം, പി.വിശ്വംഭരപണിക്കർ, എം.എച്ച് റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.സമ്മേളനത്തിന് മുന്നോടിയായി പുത്തൻവീട്ടിൽപടി ജംഗ്ഷനിൽ നിന്നും് കായിക താരങ്ങൾ അണി നിരന്ന കായിക റാലിയും നടന്നു.
