സ്ത്രീ മുന്നേറ്റം യഥാര്‍ഥ്യമാക്കുന്നതിനായി ലിംഗസമത്വം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കാതെ ഒരു സമൂഹത്തിനും മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. വനിത കമ്മിഷന്‍ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ നിയമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകള്‍ക്ക് തുല്യനീതിയും സമത്വവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന തലത്തില്‍ വിവിധ പരിപാടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പൊലീസ് സേനയില്‍ സ്ത്രീകള്‍ക്ക് 25 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുകയും സ്ത്രീകള്‍ക്കും 12 വയസ്സില്‍ മുകളിലുള്ള കുട്ടികള്‍ക്കും യാത്ര സമയങ്ങളില്‍ വിശ്രത്തിനായി സൗജന്യ വിശ്രമമുറികള്‍ ഒരുക്കുകയും ചെയ്തു. പൊതു സമൂഹത്തിന്റെ സ്ത്രീവിരുദ്ധമായ നിലപാടുകള്‍ക്കെതിരെ സര്‍ക്കാര്‍ പോരാടുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ അധ്യക്ഷയായി. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്.സലീഖ, വനിതാ കമ്മിഷന്‍ മെംബര്‍ അഡ്വ.ഷിജി ശിവജി, അഡ്വ. ടി.കെ.നൗഷാദ്, ജില്ലാ ഗവ,. പ്ലീഡര്‍ അഡ്വ.എന്‍. മനോജ് കുമാര്‍, അഡ്വ.ടി.കെ. നൗഷാദ്, അഡ്വ. സി.പി. പ്രമോദ്, അഡ്വ.എന്‍.രാജേഷ്, അഡ്വ. വി.എന്‍.ഷീജ, അഡ്വ.പി.എം. ജയ, അഡ്വ. സി. രമിക, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസഹാക്ക് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
‘സ്ത്രീ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ വെല്ലുവിളികളും പരിഹാരങ്ങളും’ വിഷയത്തില്‍ വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, ‘ സ്ത്രീ സംരക്ഷണ നിയമങ്ങളും സ്ത്രീ ശാക്തീകരണവും’ വിഷയത്തില്‍ കേരള ഹൈക്കോടതി സ്‌പെഷല്‍ ഗവ. പ്ലീഡര്‍ അഡ്വ.രേഖ.സി.നായര്‍, ‘സൈബര്‍ സുരക്ഷ നിയമങ്ങളും സ്ത്രീ സുരക്ഷയും’ വിഷയത്തില്‍ ഗവ. പ്ലീഡര്‍ അഡ്വ.ഗീനാകുമാരി സംസാരിച്ചു.

സാമ്പത്തിക സ്വാശ്രയത്വത്തിലൂടെ മാത്രം സ്ത്രീ ശാക്തീകരണം സാധ്യമാവില്ല: എം.സി.ജോസഫൈന്‍

സ്ത്രീകള്‍ സാമ്പത്തികമായ ഉന്നതി കൈവരിക്കുന്നതിലൂടെ മാത്രം ശാക്തീകരിക്കപ്പെടുന്നില്ലെന്നും സമൂഹത്തില്‍ തുല്യമായ പദവിയും ഇടവുമാണ് സ്ത്രീക്ക് അനിവാര്യമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. വനിതാ കമ്മിഷന്‍ പാലക്കാട് സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ നിയമ ശില്‍പശാലയില്‍ ‘ സ്ത്രീ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ വെല്ലുവിളികളും പരിഹാരങ്ങളും’ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുമ്പിലാണെങ്കിലും സ്ത്രീ ശാക്തീകരണം പൂര്‍ണമായും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീ ശാക്തീകരിക്കപ്പെട്ടെന്ന് പറയുന്നത് ഇരട്ട താപ്പാണ്. കുടുംബശ്രീയുടെ പേരില്‍ കടം വാങ്ങാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന സ്വകാര്യ മൈക്രാ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍ കേരളത്തില്‍ വളരുകയാണ്. 90 ശതമാനം സ്ത്രീകളും കടക്കാരായി മാറുന്നു. ഇതിനു പരിഹാരമായി സ്ത്രീസുരക്ഷാ നിയമങ്ങളെ സംബന്ധിച്ച് അവബോധം സ്ത്രീകളില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം സെമിനാറുകള്‍ ഉപയോഗമാണെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.