കല്ലിങ്കല്‍പാടം- പന്തലാംപാടം റോഡ് സമര്‍പ്പിച്ചു
തരൂര്‍ മണ്ഡലത്തിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി കിഫ്ബിയില്‍ വകയിരുത്തിയതായി പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷം മൂന്ന് കോടി ബജറ്റ് വിഹിതത്തില്‍ വകയിരുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച കണ്ണമ്പ്ര പഞ്ചായത്തിലെ കല്ലിങ്കല്‍പാടം- പന്തലാംപാടം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കണ്ണമ്പ്ര പഞ്ചായത്തിലെ കല്ലിങ്കല്‍പാടം- പന്തലാംപാടം റോഡ് പട്ടികജാതി -പട്ടികവര്‍ഗ- പിന്നാക്കക്ഷേമ -നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

നിര്‍മാണത്തിലെ അപാകത, മേല്‍നോട്ടമില്ലായ്മ, അഴിമതി, വാഹനപ്പെരുപ്പം തുടങ്ങിയ കാരണങ്ങളാല്‍, പുതുതായി നിര്‍മിച്ച റോഡുകള്‍ പോലും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പേ പുനര്‍നിര്‍മിക്കേണ്ട അവസ്ഥയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ഇപ്പോള്‍ വകുപ്പ് തീര്‍ത്തും അഴിമതിരഹിതമാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ പന്തലാം പാടത്ത് നിന്നാരംഭിക്കുന്ന റോഡ് തൃശൂര്‍ ജില്ലയിലെ പ്രധാന റോഡായ ചേലക്കര വാഴോടിലാണ് അവസാനിക്കുന്നത്.
പദ്ധതി പ്രദേശത്ത് നടന്ന പരിപാടിയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോന്‍ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ശ്രീലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി, കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വനജ കുമാരി, ജില്ലാ പഞ്ചായത്ത് അംഗം വി.മീനാകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗം കെ.സുലോചന, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെംബര്‍മാര്‍ സംസാരിച്ചു.