പരാമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ പതിപ്പിച്ച പൂരിപ്പിച്ച അപേക്ഷ, മറ്റു ക്ഷേമ പെൻഷനുകൾ ലഭിക്കുന്നില്ലെന്ന തദ്ദേശസ്വയംഭരണ സെക്രട്ടറിയിൽ നിന്നുള്ള നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം, റേഷൻ കാർഡിന്റെ ആദ്യ പേജുകളുടെ പകർപ്പ്, വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അപേക്ഷകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് സിവിൽ സ്റ്റേഷൻ(രണ്ടാം നില), കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിലും, മറ്റ് ജില്ലകളിലെ അപേക്ഷകൾ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (ഒന്നാം നില), കോഴിക്കോട്-673020 എന്ന വിലാസത്തിലും അയയ്ക്കണം. വകുപ്പിൽ നിന്ന് നിലവിൽ ഈ പദ്ധതിയിൽ പെൻഷൻ ലഭിക്കുന്നവർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു മറ്റു ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവർ എന്നിവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. അപേക്ഷാ ഫാറംwww.bcdd.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ മാർച്ച് 10 നകം ലഭിക്കണം.
