തീരദേശ പോലീസ് സേനയിലേക്ക് മത്സ്യത്തൊഴിലാളികൾക്കിടയിൽനിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 179 കോസ്റ്റൽ വാർഡ•ാർക്ക് നിയമന ഉത്തരവ് നൽകി. അമ്പലത്തറ ബി.എം.കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ അഞ്ച് വനിതകൾ ഉൾപ്പെടെ 15 പേർക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് നൽകി. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ഓഖിയുടെ നാളുകളിൽ  മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി  പാലിക്കാൻ സർക്കാരിനായെന്ന് മന്ത്രി പറഞ്ഞു. ഏതു വെല്ലുവിളികളെയും കാര്യക്ഷമതയോടെ അതിജീവിക്കാനാവശ്യമായ നേതൃത്വമാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.
വി.എസ്.ശിവകുമാർ എം.എൽ.എ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്ര, എഡിജിപിമാരായ എസ്.ആനന്ദകൃഷ്ണൻ, കെ.പദ്മകുമാർ, മനോജ്് എബ്രഹാം, ഐ.ജി ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മിഷണർ കെ.സുരേന്ദ്രൻ, കോസ്റ്റൽ പോലീസ് ഡിഐജി കെ.പി.ഫിലിപ്പ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കും മറ്റുമായി തിരഞ്ഞെടുക്കപ്പെട്ട കോസ്റ്റൽ വാർഡൻമാരുടെ പരിശീലനം ഫെബ്രുവരി 27ന് തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിൽ ആരംഭിക്കും. ചടങ്ങിൽ മുഖ്യമന്ത്രിക്കുള്ള സ്‌നേഹോപഹാരം പോലീസ് മേധാവി മുഖ്യമന്ത്രിക്കു നൽകി.