* 717 കോടിയുടെ മാസ്റ്റർപ്ലാനിന് തുടക്കം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നടപ്പിലാക്കുന്ന 717.29 കോടി രൂപയുടെ മാസ്റ്റർപ്ലാൻ, മറ്റ് ഒൻപത് പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ, സാമൂഹ്യനീതി വനിതാ ശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
മാസ്റ്റർ പ്ലാൻ, ആർദ്രം പദ്ധതി, മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലബോറട്ടറി, വിദ്യാർത്ഥിനികളുടെ പാർപ്പിട സമുച്ചയം, സ്‌കിൽ ലാബ്, ശലഭം, സൂപ്പർ സോണിക്ക് ഷിയർ വേവ് ഇലാസ്റ്റോഗ്രാഫ്, ക്ലിനിക്കൽ ഫിസിയോളജി യൂണിറ്റ്, ബാസ്‌ക്കറ്റ്ബോൾ കോർട്ട്, കവിട്രോൺ അൾട്രാസോണിക് സർജിക്കൽ ആസ്പിറേറ്റർ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
ആർദ്രം പദ്ധതിയിൽ സംസ്ഥാനത്തെ 230 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായതായി മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. 2019ൽ 500 കേന്ദ്രങ്ങൾ കുടുംബാരോഗ്യ ആശുപത്രികളാവും. ജനകീയ കൂട്ടായ്മയിലൂടെയാണ് ആർദ്രം പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ ജില്ലാ ആശുപത്രികളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗം പ്രവർത്തനം ആരംഭിക്കുകയാണ്. എട്ട് ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകൾ സ്ഥാപിച്ചു. മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ വരെ ഒ.പി രോഗീസൗഹൃദമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആധുനിക ട്രോമ കെയർ സെന്റർ പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മേയർ വി. കെ. പ്രശാന്ത്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. ഷർമദ് തുടങ്ങിയവർ സംബന്ധിച്ചു.