ചെങ്ങന്നുർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ, സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി മോചന ചികിൽസാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെങ്ങന്നുർ ജില്ലാ ആശുപത്രിയിൽ സജി ചെറിയാൻ എം എൽ എ നിർവഹിച്ചു. നിരവധി പദ്ധതികൾ പൂർത്തിയാക്കി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണന്നു സജി ചെറിയാൻ പറഞ്ഞു. പതിനാല് ജില്ലകളിലും ലഹരി മോചന ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ എക്‌സൈസ്, ആരോഗ്യ വകുപ്പുകളുടെ സംയുക്ത സംരംഭമാണ് ഡി-അഡിക്ഷൻ സെന്ററുകൾ ‘വിമുക്തി’. ഇവിടെ ഒരു അസിസ്റ്റന്റ് സർജൻ, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, നാല് സ്റ്റാഫ് നേഴ്സ്സ്, ഒരു സൈക്കാട്രിക് സോഷ്യൽ വർക്കർ എന്നിങ്ങനെ താൽക്കാലിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. മുന്ന് സുരക്ഷാ ജീവനക്കാർ, വൃത്തിയാക്കാനുള്ള ജീവനക്കാർ എന്നിവരെ പുറത്ത് നിന്ന് നിയമിച്ചിട്ടുണ്ട്. അതിനുള്ള വാർഷിക തുകയായ 39.49,800 രൂപ വിമുക്തി ഫണ്ടിൽ നിന്നും ആരോഗ്യ വകുപ്പിന് കൈമാറിയതായി ചടങ്ങിൽ പങ്കെടുത്ത എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. ലഹരി മോചന കേന്ദ്രം പ്രവർത്തിക്കുന്നതിനാവശ്യമായ മരുന്ന്, ബെഡ്, മെഡിക്കൽ ഉപകരണങ്ങൾ എല്ലാം കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖാന്തിരം വാങ്ങിയിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ നവംബർ 8 മുതലുള്ള കാലയളവിൽ 136 പേർ ഒപിയിലും, 16 പേർ ഐ പി വിഭാഗത്തിലും ചികിൽസ നേടിയിട്ടുണ്ട്. ലഹരിമോചന ചികിൽസാകേന്ദ്രം ഉൾപ്പെടുന്ന ജില്ലാ ആശുപത്രി ബ്‌ളോക്കിന്റെ നവീകരണത്തിനായി ആലപ്പുഴ നിർമ്മിതികേന്ദ്രം 4, 25,000 രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്ത് പൂർത്തീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ ആരംഭിച്ച ബ്ലഡ് സ്റ്റോറേജ് യൂണിറ്റിന്റെയും, ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനവും സജി ചെറിയാൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.റ്റി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ചെങ്ങന്നുർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. അജിത,, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.വേണു, ജോജി ചെറിയാൻ, ജേക്കബ് ഉമ്മൻ, ജബിൻ പി വർഗീസ്, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക്, ചെങ്ങന്നുർ നഗരസഭ വികസന സ്ഥിരം സമിതി ചെയർമാൻ വി.വി. അജയൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.കെ. അനിൽ കുമാർ, എ ബി കുര്യാക്കോസ്, എം എച്ച് റഷീദ, ആശുപത്രി സൂപ്രണ്ട് ഡോ, കെ.ഗ്രേസി ഇത്താക്ക് തുടങ്ങിയവർ പ്രസംഗിച്ചു, ഡെപ്യൂട്ടി ഡി എം ഒ ഡോ. അനുവർഗീസ് പദ്ധതി വിശദീകരിച്ചു. ചടങ്ങിന് ദക്ഷിണ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ കെ.എ ജോസഫ്,, ആലപ്പുഴഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ.മുഹമ്മദ് റഷീദ്, ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.സത്യൻ, എക്സ്സ് സൈസ് സ്റ്റാഫ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം .കെ . ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ചെങ്ങന്നൂർ സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിന്റെ ദുഷ്യവശങ്ങളെപ്പറ്റി ബോധവത്ക്കരണ സ്‌കിറ്റ് അവതരിപ്പിച്ചു.