ആലപ്പുഴ: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ 100 മീറ്റർ ചുറ്റളവും പുകയില രഹിതമായി പ്രഖ്യാപിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് ഉന്നതതല യോഗം തീരുമാനിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഐ.അബ്ദുൾ സലാം അധ്യക്ഷനായി .അടുത്ത അദ്ധ്യയന വർഷത്തിന് മുമ്പ് വിവിധ വകുപ്പുകളുടെയും ജനകീയ പങ്കാളിത്തത്തോടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് വാര ചുറ്റളവ് അളന്നു തിട്ടപ്പെടുത്തി ലഹരി രഹിതമാക്കുന്ന ബൃഹത് പദ്ധതിയാണ് ജില്ലയിൽ ആവിഷ്‌കരിക്കുന്നത്. പദ്ധതിയുടെ ഉത്തരവ് തയ്യാറാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും അയയ്ക്കാൻ എ.ഡി.എം. നിർദ്ദേശം നൽകി.

ജില്ലയിലെ പുകയില ഉപയോഗം നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ താലൂക്ക് തല സ്‌ക്വാഡുകൾ രൂപീകരിക്കും. ജില്ലാ കളക്ടറുടെയും എ.ഡി.എമ്മിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപീകരിക്കുന്ന സ്‌ക്വാഡുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തും. ശരിയായ ആരോഗ്യ മുന്നറിയിപ്പില്ലാത്ത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കാനും നിയമം അനുശാസിക്കുന്ന മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാതെ പുകയില വിൽപ്പന നടത്തുന്ന കടകളുടെ ലൈസൻസ് റദ്ദു ചെയ്യുവാനും യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതരസംസ്ഥാനതൊഴിലാളികൾക്ക് തൊഴിൽ- ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. വിനോദ സഞ്ചാര മേഖലയെ പുകയില രഹിതമാക്കുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകളിൽ പുകയില രഹിത ബോർഡുകളും പുകവലി നിരോധനവും കർശനമാക്കും. ജില്ലാതല യോഗം ര്ണ്ട് മാസത്തിലൊരിക്കൽ കൂടുന്നതിനും യോഗം തീരുമാനിച്ചു. പുകയില നിയന്ത്രണം ജില്ലാ ഉന്നതതല യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ നേതാക്കളും പങ്കെടുത്തു.