ആലപ്പുഴ : വിവിധ വികസന പദ്ധതികളുടെ മികവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് കേരളമാണ് ഒന്നാമതെന്ന് യൂ. പ്രതിഭ എം.എൽ.എ. പറഞ്ഞു. സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വനിത ശാക്തീകരണവും വികസനവും ലക്ഷ്യമാക്കി നടപ്പാക്കുന്ന കുടുംബശ്രീ വായ്പ, കൃഷിഭൂമി വായ്പ, ഭവന നിർമാണ വായ്പ, ഭവന പുനരുദ്ധാരണ വായ്പ, പ്രവാസി പുനരധിവാസ വായ്പ, സബ്സിഡിയോടു കൂടിയ വിദേശ തൊഴിൽ വായ്പ തുടങ്ങിയ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ഇ.എം.എസ്. സ്റ്റേഡിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം. എൽ. എ.

ക്ഷേമ പെൻഷനുകൾ ഇരട്ടിയാക്കി. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വരെ അപ്നാ ഘർ എന്ന പേരിൽ വീട് നിർമിച്ച് നൽകുന്നു. വിദ്യാഭ്യാസം, വാഹനം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള വിവിധ ലോണുകൾ സബ്‌സിഡിയോടുകൂടിയാണ് സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ നൽകുന്നതെന്നും എം. എൽ. എ പറഞ്ഞു. ബ്ലേഡ്കാരുടെ പിന്നാലെ പോകാതിരിക്കാൻ കൂടിയാണ് സർക്കാർ ഇത്തരം വായ്പാ പദ്ധതികൾ കൊണ്ടുവരുന്നതെന്ന് അവർ പറഞ്ഞു. ഈ സർക്കാർ വന്നതിന് ശേഷം സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വിവാഹവായ്പ പരിധി രണ്ടരലക്ഷമായി ഉയർത്തിയതായി പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ ഇ. എം. മേരിസൺ അറിയിച്ചു. പ്രവാസി പുനരധിവാസ വായ്പ ആറു ശതമാനം പലിശ നിരക്കിൽ അൻപതിനായിരം രൂപ മുതൽ 50 ലക്ഷം വരെ അനുവദിക്കും. ഭവനനിർമ്മാണത്തിനായി ആറു ശതമാനം പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപയും ഭവന പുനരുദ്ധാരണത്തിനായി അതേ പലിശ നിരക്കിൽ പത്ത് ലക്ഷം രൂപയും അനുവദിക്കും-അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗത്തിൽ കായംകുളം മുനിസിപ്പൽ ചെയർമാൻ അഡ്വ. എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ജില്ല പട്ടികജാതി വികസന ഓഫീസർ ബി.ബെഞ്ചമിൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.ബി.അജയകുമാർ എന്നിവർ പ്രസംഗിച്ചു.