ആലപ്പുഴ : .നിലവിൽ നമ്മൾ എത്തിയിരിക്കുന്നതായ വിദ്യാഭ്യാസ പുരോഗതിയിലേക്ക് സമൂഹത്തെ നയിച്ചത് വിദ്യ നിഷേധിക്കപ്പെട്ടിരുന്ന കാലത്തെ നവോഥാന പോരാട്ടങ്ങളാണെന്ന് എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ഇ. എം. എസ് സ്റ്റേഡിയത്തിൽ നടന്ന വിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാർട്ട് ക്ലാസ് റൂമുകൾ അടക്കമുള്ള ഇന്നത്തെ പഠന സൗകര്യങ്ങൾ നമ്മുടെ വിദ്യാർഥികളെ ലോകോത്തര നിലവാരത്തിലേക്കു ഉയർത്തിയിരിക്കുകയാണെന്നും എം. എൽ. എ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം തുടങ്ങുകയും അത്യാധുനിക സംവിധാനങ്ങൾ ക്ലാസ് മുറികളിലെത്തുകയും ചെയ്തതോടെ സ്വകാര്യ സ്‌കൂളുകളിൽ പഠിച്ചിരുന്ന വിദ്യാർഥികളിൽ വലിയൊരുഭാഗം പൊതുവിദ്യാലയങ്ങളിൽ തിരിച്ചെത്തിയെന്ന് സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു.
‘നവകേരള നിർമ്മിതിയും പൊതു വിദ്യാഭ്യാസവും ‘ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ആലപ്പുഴ ഡി. ഡി. ഇ ധന്യാ ആർ. കുമാർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. റ്റി മാത്യു, പൊതു വിദ്യാഭ്യാസ സംരക്ഷണയെജ്ഞ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ :രതീഷ് കാളിയാടൻ, സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗം എ. കെ അബ്ദുൾ ഹക്കീം, ഡയറ്റ് സീനിയർ ലെക്ച്ചറർ കെ. ആർ വിശ്വംഭരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെമിനാറിന് മുന്നോടിയായി മേളയിലെ പ്രധാന വേദിയിൽ നടന്ന വിദ്യാഭ്യാസ സംവാദം ശ്രദ്ധേയമായി. പൊതു വിദ്യാഭ്യാസത്തിന്റെ മൂല്യമുയർത്തിയ ആയിരം ദിനങ്ങളാണ് കടന്നുപോയതെന്ന് സംവാദം വിലയിരുത്തി.’ഞങ്ങളുടെ വിദ്യാലയം പൊതുവിദ്യാഭ്യാസത്തിന്റെ വർത്തമാനങ്ങൾ’ എന്ന വിഷയത്തിലാണ് സംവാദം നടന്നത്.
സ്മാർട്ട് ക്ലാസ് റൂമുകളുടെ വരവോടെ പാഠ്യ -പാഠ്യേതര വിഷയങ്ങൾ തങ്ങൾക്ക് എളുപ്പമാകുന്നുണ്ടെന്ന് സംവാദത്തിൽ പങ്കെടുത്ത വിദ്യാർഥികൾ പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തിയതോടെ ഇംഗ്ലീഷ് ഭാഷ കൂടുതൽ മികവോടെ ഉപയോഗിക്കുവാനാകുന്നുണ്ടെന്നും കുട്ടികൾ പറഞ്ഞു. നോർത്ത് ആര്യാട് ഗവ :യു. പി സ്‌കൂളിലെ വിദ്യാർഥികളാണ് സംവാദത്തിൽ പങ്കെടുത്തത്. സ്‌കൂളിലെ പ്രധാന അധ്യാപകൻ ഷാജി ജോസ്, എസ്. എൽ പുരം സ്‌കൂൾ പി. ടി. എ പ്രസിഡന്റ് ഡി. ശ്രീകുമാർ, മാധ്യമ പ്രവർത്തകരായ ബി. ജോസ്‌കുട്ടി, എന്നിവർ കുട്ടികളുമായി സംവദിച്ചു. ഷാജി മഞ്ജരി സംവാദം നിയന്ത്രിച്ചു.
ചിത്രവിവരണം
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇ.എം.എസ്.സ്റ്റേഡിയത്തിൽ നടന്ന സെമിനാർ എ.എം.ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു