· 244 വീടുകൾ നിർമിച്ച് നൽകുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം തത്സമയ സംപ്രേഷണത്തിലൂടെ മുഖ്യമന്ത്രി നിർവ്വഹിച്ചു

ഭരണിക്കാവ്: പ്രളായന്തരം നവകേരളം സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാരിന് സഹകരണ മേഖല നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് ആർ. രാജേഷ് എം.എൽ.എ. പറഞ്ഞു. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലൂടെ ജില്ലയിൽ നിർമ്മാണം പൂർത്തികരിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ. പ്രളയാന്തരം സംസ്ഥാനത്ത് പതിനയ്യായിരത്തോളം വീടുകളാണ് പുനർനിർമ്മിക്കേണ്ടത്. ഇതിൽ നാലായിരം വീടുകളുടെ നിർമ്മാണം ഏറ്റെടുത്ത സഹകരണ വകുപ്പ് വളരെ മികച്ച് പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. പ്രളയത്തിലൂടെ ഉണ്ടാകുമായിരുന്ന നഷ്ടങ്ങളുടെ തോത് കുറയ്ക്കാനായത് സംസ്ഥാനത്തെ അസാമാന്യ ഭരണ നേതൃത്വമാണെന്നും പ്രളയാനന്തരം സമാനതകളില്ലാത്ത വികസനമാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ മണ്ഡലങ്ങളിലും നൂറ് കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കൂടാതെ പ്രളയം വൻ തോതിൽ നാശം വിതച്ച സ്ഥലങ്ങളിൽ സംസ്ഥാന ബജറ്റിൽ പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട -ആർ. രാജേഷ് എം.എൽ.എ പറഞ്ഞു. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നാലായിരം വീടുകളാണ് സഹകരണ വകുപ്പ് നിർമ്മിച്ച് നൽകുന്നത്. ഇതിൽ ആദ്യഘട്ടമായി 244 വീടുകളാണ് ജില്ലയിൽ നിർമ്മിക്കുന്നത്. സർക്കാർ ഭവനം നിർമ്മിച്ചു നൽകണം എന്ന് സമ്മത പത്രം നൽകിയ 202 ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ കളക്ടർ സഹകരണ വകുപ്പിന് കൈമാറിയിരുന്നു. നാല് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയാണ് ഒരു വീടിന് നിർമ്മാണത്തിനായി ചെലവാകുന്നത്. ജില്ലയിലെ അരീക്കര, ഭരണിക്കാവ്, വള്ളികുന്നം, പാലമേൽ, കണ്ണനാങ്കുഴി, ചേർത്തല എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകൾ ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കിയ വീടുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്. മിനി ഭവനത്തിൽ വിലാസിനി, തുണ്ടിൽ ലക്ഷ്മികുട്ടി അമ്മ, കിഴക്കേതുരുത്തിൽ കെ.കെ. രവി, ചിറയിൽ വടക്കതിൽ ശാന്തമ്മ, ബിജി ഭവനത്തിൽ എം.സി. ജോർജ്ജ്, മൂപ്പൻചിറയിൽ സന്ധ്യ എന്നിവർക്കാണ് ആദ്യ ആറ് ഭവനങ്ങളുടെ താക്കോൽ കൈമാറിയത്.

കെയർ ഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തത്സമയ സംപ്രേഷണത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. യോഗത്തിൽ യു. പ്രതിഭാ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനം സജി ചെറിയാൻ എം.എൽ.എ. നിർവ്വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി. വാസുദേവൻ, ജില്ലാ പഞ്ചായത്തംഗം കെ. സുമ, ബ്ലോക്ക് പഞ്ചായത്തംഗം സി. ദിവാകരൻ, ഗ്രാമപഞ്ചായത്തംഗം ശ്രീജാകുമാരി, കോശി അലക്സ്, വി. ബാബു, എം. സത്യപാലൻ, കെ. മധുസൂദനൻ, അഡ്വ. ജി. ഹരിശങ്കർ, അഡ്വ. വി.കെ. അനിൽ, വിനോദ് കുമാർ, കെ.വി. ദിവാകരൻ, ഐപ്പ് പിള്ള, സി.വി. മനോഹരൻ, സുഭാഷ്‌കുമാർ, പി. ഗോപീകൃഷ്ണൻ, കെ.ജെ. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.