സംസ്ഥാന ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യബന്ധനയാനങ്ങൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ പുതുക്കിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി അദ്ധ്യക്ഷത വഹിച്ചു. ചീഫ് എൻജിനീയർ, ഹാർബർ എൻജിനീയറിംഗ് വകുപ്പ്, യൂണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു തയ്യാറാക്കിയ ബ്രോഷർ സി. കൃഷ്ണൻ, എം.എൽ.എക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. യൂണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി വഴിയാണ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം ഒരു കോടി രൂപയാണ് പദ്ധതിക്കായി വകകൊള്ളിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 15 മീറ്റർ വരെ നീളമുള്ള പരമ്പരാഗത മത്സ്യബന്ധനയാനങ്ങളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. യാനത്തിന്റെ മതിപ്പ് വിലയുടെ ഒന്നര ശതമാനമാണ് പ്രീമിയം തുക അടക്കേണ്ടത്. അതിൽ 90 ശതമാനം ഫീഷറീസ് വകുപ്പും, 10 ശതമാനം ഗുണഭോക്താവും വഹിക്കും. പൂർണ്ണവും ഭാഗികവുമായ നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കും. അപേക്ഷ ഫാറം ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും മത്സ്യഭവനങ്ങളിലും ലഭിക്കും. എല്ലാ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
