1000 ദിനാഘോഷം ഉത്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് സമാപനം
ജനപക്ഷ നിലപാടുകളില്‍ ഊന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ നവകേരള നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് സി.കെ ആശ എം എല്‍ എ. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന ആഘോഷങ്ങളോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ച കേരളം മുന്നോട്ട് ഉത്പന്ന സേവന പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രളയം സംസ്ഥാനത്തിന്  കനത്ത ആഘാതമാണേല്‍പ്പിച്ചതെങ്കിലും പ്രളയാനന്തരം ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍  കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കും. ഓഖി ദുരന്തം, നിപ്പ വൈറസ്, പ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ ഒറ്റക്കെട്ടായാണ് നാം നേരിട്ടതെന്നും ഈ ഐക്യം നവകേരള നിര്‍മ്മാണത്തിലും പ്രതിഫലിക്കുമെന്നും അവര്‍ പറഞ്ഞു.
1000 ദിനങ്ങളിലായി സര്‍ക്കാര്‍ ഒട്ടനവധി സ്വപ്ന പദ്ധതികളാണ് യാഥാര്‍ത്ഥ്യമാക്കിയത്. സമസ്ത മേഖലകളിലെയും വികസനത്തിലൂന്നി കിഫ്ബി വഴി കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ദുര്‍ബല വിഭാഗങ്ങളുടെ വികസനത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് നല്‍കി. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും പ്രധാന്യം നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് ഈ മേഖലയില്‍ നിര്‍ണായകമാണ്. ബജറ്റില്‍ കുടുംബശ്രീയ്ക്കായി 3500 കോടി രൂപയാണ് വകയിരുത്തിയത്. സര്‍ക്കാരിന്റെ കര്‍മ്മപദ്ധതികളായ ഹരിത കേരളം മിഷന്‍, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം, ലൈഫ് തുടങ്ങിയവയിലൂടെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചുവെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍ അദ്ധ്യക്ഷനായി. സബ് കളക്ടര്‍ ഈശ പ്രിയ ആശംസകളര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ.തോമസ് നന്ദിയും പറഞ്ഞു.