തിരുവനന്തപുരം: അങ്കണവാടികള്‍ പ്രീസ്‌കൂള്‍ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനും ഹൈടെക് ആക്കി മാറ്റുന്നതിനുമായുള്ള സ്മാര്‍ട്ട് അങ്കണവാടി പ്രഖ്യാപനവും മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.

കുട്ടികളുടെ മാനസികവും, ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന തരത്തില്‍ അങ്കണവാടികള്‍ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അംഗന്‍വാടികളെ സമൂലമായി പരിഷ്‌കരിക്കുന്നത്. ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സി.ഡി.സി) ഇതു സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഈ രംഗത്തെ വിദഗ്ദ്ധരെയടക്കം ഉള്‍പ്പെടുത്തി ശില്പശാലകള്‍ നടത്തിയ ശേഷമാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. ഇത് അനുസരിച്ചാണ് 10 സെന്റ്, 7.5 സെന്റ്, 5 സെന്റ്, 3 സെന്റ്, ഒന്നര സെന്റ് (കോര്‍പ്പറേഷനുകള്‍ക്ക് മാത്രം) സ്ഥല സൗകര്യത്തിനനുസരിച്ച് ഡിസൈനുകളും വിശദമായ എസ്റ്റിമേറ്റുകളും ഉള്‍കൊള്ളുന്ന ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.

സ്റ്റഡി റൂം, റെസ്റ്റ് റൂം, ഡൈനിംഗ് റൂം, കിച്ചന്‍, സ്‌റ്റോര്‍ റൂം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഗാര്‍ഡന്‍ എന്നിവയടങ്ങുന്നതാണ് സ്മാര്‍ട്ട് അങ്കണവാടി. തിരുവനന്തപുരം കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, നിര്‍മ്മിതി കേന്ദ്ര എന്നിവരുടെ സഹകരണത്തോടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. പുതുതായി നിര്‍മ്മിക്കുന്ന അങ്കണവാടികള്‍ ഈ പ്ലാന്‍ അനുസരിച്ചായിരിക്കണം നിര്‍മ്മിക്കുക. നിലവിലുള്ള അങ്കണവാടികളെയും ഘട്ടം ഘട്ടമായി ഈ രീതിയില്‍ ഹൈടെക് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല കരിക്കുലം ഉള്‍പ്പടെ പരിഷ്‌ക്കരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും ഉണ്ടാകേണ്ട വിദ്യാഭ്യാസം, കമ്മ്യൂണിക്കേഷന്‍, കൗണ്‍സിലിംഗ് സ്‌കില്‍സ്, ജോബ് റെസ്‌പോണ്‍സിബിലിറ്റി എന്നിവയും പ്രധാനമാണ്. ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയില്‍ കുട്ടികളെ അവരുടെ പ്രായമനുസരിച്ച് സ്വയംപ്രാപ്തരാക്കുന്നു. ഇതുകൂടാതെ കുട്ടിയുടെ വളര്‍ച്ചയും വികാസവും സി.ഡി.സി.യുടെ ഡബ്ലിയു.എച്ച്.ഒ.യുടെ ടൂളുകളുപയോഗിച്ച് നിരീക്ഷണത്തിന് വിധേയമാക്കുകയും എല്ലാവിധ വൈകല്യങ്ങളും നേരത്തെതന്നെ കണ്ടെത്താനുള്ള ശ്രമങ്ങളുമുണ്ടായിരിക്കും.

സ്മാര്‍ട്ട് അംഗന്‍വാടികളുടെ ദൃശ്യങ്ങള്‍, വിശദമായ പ്ലാനുകള്‍, ഡ്രോയിംഗുകള്‍, എസ്റ്റിമേറ്റുകള്‍ എന്നിവയെല്ലാം ഈ മാസ്റ്റര്‍ പ്ലാന്‍ ബുക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ.മാര്‍, എം.പി.മാര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്. ഈ ഫണ്ടിന്റെ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കുന്നതാണ്.