ആലപ്പുഴ : കുടുംബശ്രീ സ്‌കൂൾ പാഠപുസ്തകം അടിസ്ഥാനമാക്കി അയൽക്കൂട്ട തലം മുതൽ നടത്തി വന്ന മത്സര പരീക്ഷയ്ക്ക് ജില്ലാതലത്തിൽ ആവേശകരമായ പര്യവസാനം. പറവൂർ ഇ .എം .എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മെഗ ഫൈനലിൽ യു.പ്രതിഭ എം.എൽ.എ പ്രശ്‌നോത്തരി നയിച്ചു. സംസ്ഥാന തലത്തിൽ ആദ്യമായാണ് വിലയിരുത്തൽ പരീക്ഷ പ്രവർത്തനം ജില്ലാതലത്തിൽ നടത്തുന്നത്. ഒരു ടീമിൽ രണ്ടുപേർ വീതം 158 സ്ത്രീകൾ പരീക്ഷ എഴുതി.
മാവേലിക്കര വരെനിക്കൽ യു. പി സ്‌കൂളിലെ മുൻ പ്രധാന അധ്യാപിക 70 കാരിയായ രത്‌നമ്മ മുതൽ 23 വയസുള്ള ഗോപിക വരെ ഒരുമിച്ച് ഒരു പരീക്ഷയിൽ അടുത്തടുത്ത ബെഞ്ചുകളിൽ ഇരുന്ന് പരീക്ഷ എഴുതിയത് സംഘാടകർക്കും പരീക്ഷയെഴുതാൻ വന്നവർക്കും കൗതുകമായി. മുതുകുളം ബ്ലോക്കിലെ പത്തിയൂർ സി .ഡി എസിനെ പ്രതിനിധീകരിച്ചാണ് രത്‌നമ്മ പരീക്ഷയിൽ പങ്കെടുത്തത്. .ഹരിപ്പാട് ബ്ലോക്കിലെ ചെറുതന സി.ഡി.എസിനെ പ്രതിനിധീകരിച്ചാണ് ഗോപിക പരീക്ഷയ്ക്ക് എത്തിയത്.
ഡിസംബർ ഒന്നു മുതൽ ആറ് ആഴ്ചയായി ആറ് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി നടന്ന പഠന പ്രക്രിയയിലൂടെ കുടുംബശ്രീ സ്‌കൂൾ രണ്ടാംഘട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു. അയൽക്കൂട്ട അംഗങ്ങൾക്ക് പഠന പ്രക്രിയയിൽ ലഭിച്ച അറിവുകൾ വിശകലനം ചെയ്യുന്നതിനായാണ് അറിവ് ഉത്സവമെന്ന പേരിൽ ഈ വിലയിരുത്തൽ.
വെളിയനാട് സി.ഡി.എസ.് ഒന്നാം സ്ഥാനം നേടി. കഞ്ഞിക്കുഴി സി.ഡി.എസ് രണ്ടാം സ്ഥാനവും മാവേലിക്കര ബ്ലോക്കിലെ ചെട്ടികുളങ്ങര സി.ഡി.എസും തൈക്കാട്ടുശ്ശേരി സി.ഡി.എസും മൂന്നാം സ്ഥാനവും നേടി. ബ്ലോക്കുതല മത്സര വിജയികൾക്കുള്ള ഉപഹാരം യു.പ്രതിഭ എം.എൽ.എ. വിതരണം ചെയ്തു. ജില്ലാതല വിജയികൾക്കുള്ള സമ്മാനങ്ങൾ മാർച്ച് ഒന്നിന് ആലപ്പുഴ കാമിലോട്ടിൽ തദ്ദേശഭരണമന്ത്രി എ.സി. മൊയ്തീൻ നൽകും. കുടംബശ്രീ ജില്ല മിഷൻ അസി.കോ-ഓർഡിനേറ്റർ കെ .ബി അജയകുമാർ, ജില്ല പ്രോഗ്രാം മാനേജർ അനുഗോപി, വിവിധ ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.