കലവൂർ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കിടപ്പുരോഗികൾക്ക് ആയുർവേദ സാന്ത്വന പരിചരണവുമായി രംഗത്ത്. ആയുർവേദ ഡോക്ടർമാരും ജീവനക്കാരും കിടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ച് മരുന്നും പരിചരണവും നൽകുന്നതാണ് പദ്ധതി. ഈ പദ്ധതിയുടെയും 18 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റിന്റെയും ഉദ്ഘാടനം മാർച്ച് ഒന്നിന് രാവിലെ ഒമ്പതിന് പൂപ്പള്ളിക്കാവ് ക്ഷേത്രത്തിനു സമീപം ധനമന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് അഡ്വ. ഡി പ്രിയേഷ്‌കുമാറും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. രമണനും പറഞ്ഞു.
ദിവസേന ഒരു ടൺ പ്ലാസ്റ്റിക് സംസ്‌ക്കരിക്കാൻ കഴിവുള്ള പ്ലാന്റാണ് നിർമ്മിച്ചിട്ടുള്ളത്. സമീപ പഞ്ചായത്തുകൾക്കും പ്ലാന്റിനെ ആശ്രയിക്കാം. സംസ്‌ക്കരിക്കുന്ന പ്ലാസ്റ്റിക് റോഡു നിർമ്മാണത്തിനുപയോഗിക്കും. പഞ്ചായത്തിൽ ഹരിത പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കിവരികയാണ്. വിവാഹം തുടങ്ങിയ ആഘോഷങ്ങൾക്കും മറ്റു ചടങ്ങുകൾക്കും പ്ലാസ്റ്റിക്, പേപ്പർ പാത്രങ്ങളും ഗ്ലാസ്സുകളും ഒഴിവാക്കി ആരോഗ്യസേനയുടെ നേതൃത്വത്തിൽ സ്റ്റീൽ പാത്രങ്ങളാണ് ഉപയോഗിക്കുന്നത്.
കിടപ്പുരോഗികൾക്കുള്ള ആയുർവേദ മെഡിക്കൽ കിറ്റ് ജില്ലപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷൻ കെ.ടി മാത്യുവും ഹരിത കർമസേനയ്ക്കുള്ള തിരിച്ചറിയൽ കാർഡ് ബ്ലോക്ക് പ്ഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധുവും വിതരണം ചെയ്യും. ഹരിത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ഡോ. ജിജി ജോൺ പാലിയേറ്റീവ് പദ്ധതി വിശദീകരിക്കും. പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാർ അധ്യക്ഷത വഹിക്കും.
