രാജ്യത്തെ മികവുറ്റ കോളജുകളില്‍ ബിരുദാനന്തര ബിരുദത്തിനു പ്രവേശനം നേടാന്‍ ബിരുദ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പരിശീലന പരിപാടി ധനുസ് പദ്ധതിക്കു പേരാമ്പ്രയില്‍ തുടക്കമായി.സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ആയിരം പദ്ധതികളില്‍ ഒന്നായ ഇതിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പേരാമ്പ്ര റീജിയണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു പരിശീലന പരിപാടി ആരംഭിക്കുന്നത്.പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലയിലാണ് നടപ്പിലാക്കുന്നതെന്നും താമസിയാതെ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഉദ്ഘാടനവേളയില്‍ മന്ത്രി പറഞ്ഞു.
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്്.പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കിന്റെയും എസ്എസ്എല്‍സി പ്ലസ്ടുമാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 200 ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുക.ഇംഗ്ലിഷ്,കണക്ക്,സ്റ്റാറ്റിസ്റ്റിക്‌സ്,ബയോളജിക്കല്‍ സയന്‍സ്,എക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന നാല്‍പതുപേര്‍ക്കു വീതമാണ് പരിശീലനം.അക്കാദമിക് പരിശീലനത്തിനോടൊപ്പം മോട്ടിവേഷന്‍ പ്രോഗ്രാമുകളും വിജയം കൈവരിച്ച വ്യക്തികളുമായുള്ള ഇന്ററാക്ഷനുകളും ഉണ്ടാകും.ഉന്നത നിലയിലുള്ള പഠനത്തിന് കായികാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസുകളും നല്‍കും.സര്‍ക്കാര്‍ കോളജുകളിലെ വിദഗ്ധരായ അധ്യാപകരാണ് പരിശീലകര്‍.കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പ്രവേശനം എന്നും മാര്‍ച്ച് അവസാനത്തോടെ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കി ഏപ്രിലില്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി അധ്യക്ഷയായ ചടങ്ങില്‍ റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എംപ്ലോയ്‌മെന്റ്‌സ് മോഹന്‍ ലൂക്കോസ് സ്വാഗതവും ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ പി.ജെ.സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.’കരിയര്‍ പ്ലാനിങ് ബിരുദ പഠനത്തിനു ശേഷം’എന്ന വിഷയത്തില്‍ യുഎല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.ടി.പി.സേതുമാധവന്‍ ക്ലാസ് എടുത്തു.എംപ്ലോയ്്‌മെന്റ് ഓഫിസറും പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ മാനേജറുമായ പി.രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കൊളീജിയേറ്റ് എഡ്യുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍.എല്‍.ബീന,പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന,പേരാമ്പ്ര വികസനമിഷന്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മദ്, സികെജി ഗവ.കോളജ് പ്രിന്‍സിപ്പാള്‍ പ്രിയദര്‍ശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.