ജില്ലാതല ബാങ്കിങ് അവലോകനം ചേര്‍ന്നു

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്കുകള്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയത് 5263 കോടിയുടെ വായ്പ. 4789 കോടിയുടെ വാര്‍ഷിക ലക്ഷ്യത്തെ മറികടന്നാണ് കാര്‍ഷിക മേഖലയിലെ വായ്പാ വിതരണത്തില്‍ ബാങ്കുകള്‍ 110 ശതമാനം നേട്ടം കൈവരിച്ചതെന്ന് ജില്ലാ ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ഡി. അനില്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായി.
ജില്ലയിലെ 20645 കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളിലേക്കായി 195.87 കോടിയാണ് മൂന്നാം പാദത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. നിലവില്‍ മണ്ണില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്. എന്നാല്‍ മൃഗസംരക്ഷണം, മത്സ്യകൃഷി, പൗള്‍ട്രി തുടങ്ങി വിവിധ കാര്‍ഷിക മേഖലകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ രമേഷ് വേണുഗോപാല്‍ അറിയിച്ചു.
വ്യാവസായിക മേഖലയ്ക്ക് 2301 കോടിയും മറ്റ് മുന്‍ഗണനാ മേഖലകളായ വിദ്യാഭ്യാസം, പാര്‍പ്പിടം, സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് 1090 കോടിയും ജില്ലയിലെ ബാങ്കുകള്‍ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദാവസാനം വരെ ജില്ലയില്‍ മൊത്തം 10704 കോടി വായ്പയാണ് വിതരണം ചെയ്ത് വാര്‍ഷിക പദ്ധതിയുടെ 76 ശതമാനം ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. കൂടാതെ 35877 കോടിയുടെ നിക്ഷേപവും സമാഹരിച്ചിട്ടുണ്ട്.
സായൂജ്യം റെസിഡന്‍സിയില്‍ നടന്ന യോഗത്തില്‍ കനറാ ബാങ്ക് റീജ്യനല്‍ എ.ജി.എം സി.എം.ഹരിലാല്‍, റിസര്‍വ് ബാങ്ക് ജില്ലാ ഓഫീസര്‍ പി.ജി.ഹരിദാസ്, വിവിധ ബാങ്കുകളുടെ ജില്ലാ മേധാവികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.