ക്ഷേമ പദ്ധതികളുടെ ഘടനയും ഉള്ളടക്കവും തൊഴിലാളികളില്‍ ആത്മവിശ്വാസവും സുരക്ഷിതത്വവും ജനിപ്പിക്കുന്നതാകണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്ത് ഇപിഎഫ് ഭവനില്‍ പ്രധാനമന്ത്രി ശ്രംയോഗി മാന്‍ ധാന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 
തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഏതു ക്ഷേമ പദ്ധതിയും പൊതുവേ സ്വാഗതം ചെയ്യപ്പെടുകയാണ് പതിവ്. 
പുതിയ പദ്ധതിക്ക് കീഴില്‍ മാസം 3000 രൂപ പെന്‍ഷന്‍ അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ  തീരുമാനം തൊഴിലാളികളുടെ പ്രതീക്ഷ എത്രത്തോളം നിറവേറ്റുമെന്ന് യാതാര്‍ഥ്യ ബോധത്തോടെ വിലയിരുത്തുന്നത് നന്നായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനാണ് എന്നതാണ് പ്രധാന പ്രശ്‌നം. 18 വയസു മുതല്‍ 55 രൂപയും 29 വയസുമുതല്‍ 100 രൂപയും 40 വയസില്‍ 200 രൂപയും പ്രതിമാസം അടച്ചാല്‍ മാത്രമേ 60 വയസുകഴിഞ്ഞ് പെന്‍ഷന്‍ ലഭിക്കുകയുള്ളു. 29 വയസില്‍ ചേരുന്ന തൊഴിലാളി 31 വര്‍ഷം പ്രതിമാസം 100 രൂപ വീതം അടയ്ക്കണമെന്നാണ് ഇതിനര്‍ഥം.15000 രൂപ മാസ വരുമാന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. തൊഴിലാളി മരിച്ചാല്‍ ജീവിത പങ്കാളിക്ക് മാത്രം പകുതി ആനുകൂല്യം നല്‍കും. പെന്‍ഷനല്ലാതെ മറ്റൊരാനുകൂല്യവും പദ്ധതിയിലില്ല. ഇഎസ്‌ഐ, ഇപിഎഫ് തുടങ്ങിയവയില്‍ അംഗമാണെങ്കില്‍ ഈ പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.  മാസം തോറും പണമടച്ച് പതിറ്റാണ്ടുകള്‍ കാത്തിരുന്നാല്‍ പെന്‍ഷന്‍ ലഭിച്ചാല്‍ മതിയോയെന്നത് ഏറെ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. 
രാജ്യത്തെ അസംഘടിത തൊഴിലാളികളില്‍ ചെറിയ വിഭാഗം മാത്രമേ പദ്ധതിയില്‍ ഉല്‍പ്പെടുകയുള്ളു എന്നതും മറ്റൊരു വിഷയമാണ്.  18ഉം 29ഉം വയസുമുതല്‍ പണമടച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം 3000 രൂപ നല്‍കുന്നത് കോടിക്കണക്കിന് തൊഴിലാളികളും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും ഇന്ന് നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമാകുമോയെന്ന് ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ തൊഴിലാളികള്‍ ഏതാണ് 80 ശതമാനത്തോളം അസംഘടിത മേഖലകളിലാണ് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നത്. അധ്വാനത്തിനനുസരിച്ചുള്ള വേതനമോ നിയമം അനുശാസിക്കുന്ന മിനിമം വേതനമോ ലഭിക്കാത്തവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും എന്നത് തൊഴില്‍ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. മിനിമം വേതനം, ക്ഷേമ പദ്ധതികള്‍ , ചികിത്സാസൗകര്യം, തൊഴിലില്‍ നിന്നും വിരമിക്കുന്ന ഘട്ടത്തില്‍ പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഇന്ത്യയിലെ തൊഴിലാളികല്‍ നിരന്തരമായി ആവര്‍ത്തിക്കുന്നതാണ്. പ്രതിമാസം കേന്ദ്ര സര്‍ക്കാര്‍ 3000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം തൊവിലാളികളില്‍ നിന്നും ഉയരാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. മാസം കുറഞ്ഞ വേതനം 18000 രൂപയെങ്കിലും ആക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. തൊഴിലാളികളുടെ പണിമുടക്കുകളിലും ഉയരുന്ന പ്രധാന ആവശ്യങ്ങള്‍ ഇതാണ്.ഇപ്പോള്‍ 60 വയസായ തൊഴിലാളിക്ക് പെന്‍ഷന്‍ വേണം. അടുത്ത വര്‍ഷമോ അതിനടുത്ത വര്‍ഷമോ 60 ആകുന്നവര്‍ക്കും പെന്‍ഷന്‍ ലഭിക്കണം. അതാണ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ വേണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനം. ജീവിതകാലം മുഴുവനും തുച്ഛ വരുമാനത്തില്‍ രാജ്യത്തിനായി വിയര്‍പ്പൊഴുക്കിയവര്‍ക്ക് ജീവിത സായാഹ്നത്തില്‍ തണലാകേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാകണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്നു നല്‍കുന്ന പ്രതിമാസ പെന്‍ഷനില്‍ എല്ലാ വര്‍ഷവും വര്‍ധനവ് വരുത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതനുസരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന പെന്‍ഷന്‍ അസംഘടിത മേഖലയില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച തുകയേക്കാള്‍ വളരെ ഉയര്‍ന്നതാകും.തൊഴിലാളികളെ വിശ്വാസത്തിലെടുത്തുള്ള ക്ഷേമ പദ്ധതികള്‍ ഏതായാലും വിജയം കണ്ടെത്തും. എന്നാല്‍ അവര്‍ക്ക് അവ പൂര്‍ണ്ണമായും സ്വീകാര്യമാകുമെന്ന് ഉറപ്പാക്കാന്‍ നമുക്ക് കഴിയണം. അവര്‍ക്ക് ആശ്വാസം പകരുകയെന്നത് സര്‍ക്കാരിന്റെ ചുമതലയുമാകണം.  തൊഴിലാളികള്‍ക്ക് എല്ലാ മേഖലയില്‍ മിനിമം വേതനം ഉറപ്പാക്കാന്‍ കഴിയണം. 
കേരളത്തില്‍ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ വരുന്ന 80 തൊഴില്‍ മേഖലകളുണ്ട്. ഇതില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കാലാവധി പൂര്‍ത്തിയാക്കിയ 26 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം . സാമൂഹ്യ സുരക്ഷയിലും കേരളം തന്നെയാണ് മുന്നില്‍. അത് തൊഴിലാളികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നയങ്ങളുടെ ഫലമാണ്. തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച സഹായം ലഭിക്കുന്നവിധത്തില്‍ അവരെ വിശ്വാസത്തിലെടുക്കുകൊണ്ട് ഓരോ പ്രവര്‍ത്തിയും പ്രാവര്‍ത്തികമാക്കണമെന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ തൊഴില്‍ വകുപ്പിന് കീഴില്‍ മാത്രം 16 ക്ഷേമ നിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതര മേഖലകളിലും ക്ഷേമ നിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നു.  ഭൂരിപക്ഷം തൊഴിലാളികളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സാമൂഹ്യ സുരക്ഷാ വലയത്തിലാണ്. അവര്‍ക്ക് മാസം 1200 രൂപയാണ് പെന്‍ഷന്‍. ചികിത്സ,  വിദ്യാഭ്യാസം, വിവാഹം, വീടു നിര്‍മാണം , മരണാനന്തര ധനസഹായം , ആശ്രിതര്‍ക്കുള്ള സഹായ പദ്ധതികള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ നിലവിലുണ്ട്. കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുക്കുമെന്ന പറയുന്ന കര്‍ഷക തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, കൈത്തറി, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം കേരളത്തില്‍ പ്രത്യേക ക്ഷേമനിധി ബോര്‍ഡുകള്‍ നിലവിലുണ്ട്. എല്ലാ ആനുകൂല്യങ്ങളും കാലികമായി വര്‍ധിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 
ഒ.രാജഗോപാല്‍ എംഎല്‍എ ആശംസകളര്‍പ്പിച്ചു. അഡീ.സിപിഎഫ്‌സി കവിതാ എന്‍.ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. എല്‍ഐസി സീനിയര്‍ ഡിവി,ണല്‍ മാനേജര്‍ ശാന്താ വര്‍ക്കി, സിഎസ്‌സി ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജു രാജേന്ദ്രന്‍, പിഎംഎസ്‌വൈഎം ജില്ലാ നോഡല്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.