സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പി. മോഹനദാസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങിൽ 55 പരാതികൾ തീർപ്പാക്കി. 94 കേസുകളാണ് പരിഗണിച്ചത്. പുതുതായി 10 പരാതികൾ ലഭിച്ചു. പൊതു പ്രാധാന്യമുള്ള വിഷയങ്ങളാണ് ഇതിൽ ഭൂരിഭാഗവും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും നഷ്ടപരിഹാരം ലഭ്യമാക്കാനും ഇടപെടൽ വേണമെന്നാവശ്യപ്പെടുന്ന പരാതികളുണ്ട്. ഇതേക്കുറിച്ച് വിശദമായി പഠിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് കമ്മീഷൻ അംഗം അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു റിപോർട്ട് ആവശ്യപ്പെടും.
കാൻസർ രോഗിയായ നിർധന യുവതിക്ക് ബിപിഎൽ റേഷൻകാർഡ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനു ലഭിച്ച പരാതി തീർപ്പാക്കി. കാഞ്ഞിരത്തിനാൽ ജെയിംസിന്റെ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി അടുത്ത സിറ്റിങിലേക്ക് മാറ്റിവച്ചു.