പാലക്കാട്‌ ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസില്‍ സഹായകേന്ദ്രം തുറന്നു
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസില്‍ സഹായകേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി നിര്‍വഹിച്ചു. സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായാണ് സഹായകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ സഹായ കേന്ദ്രത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ച് വരെ നേരിട്ടെത്തി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തന രീതിയും വോട്ട് ചെയ്യേണ്ടതെങ്ങനെയെന്നും മനസ്സിലാക്കാം. സ്വീപിന്റെ ജില്ലാ യൂത്ത് ഐക്കണും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ്‍ എം.ബി. പ്രണവ് എന്നിവര്‍ മുഖ്യാതിഥികളായി. എ.ഡി.എം എന്‍.എം മെഹറലി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷ്, ആര്‍.ഡി.ഒ ആര്‍. രേണു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ലളിത് ബാബു, സെക്ഷന്‍ ക്ലാര്‍ക്ക് ടോം, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ സഹായ കേന്ദ്രത്തില്‍ സ്വീപ്പിന്റെ ജില്ലാ യൂത്ത് ഐക്കണ്‍ നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ വോട്ട് ചെയ്യാന്‍ പരിശീലനം നേടുന്നു

പ്രണവിന് ഇത് കന്നിവോട്ട്
ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ്‍ എം.ബി. പ്രണവ് ഇത്തവണത്തെ പൊതു തെരഞ്ഞടുപ്പില്‍ കന്നിവോട്ട് രേഖപ്പെടുത്തും. പ്രളയസമയത്ത് കാലുകള്‍കൊണ്ട് ചിത്രം വരച്ച് കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ശ്രദ്ധേയനായ ആലത്തൂര്‍ സ്വദേശിയും ചിറ്റൂര്‍ കോളെജിലെ ബിരുദ വിദ്യാര്‍ഥിയുമായ പ്രണവ് കന്നിവോട്ട് ചെയ്യാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസില്‍ തുറന്ന സഹായകേന്ദ്രത്തില്‍ പ്രണവ് വോട്ടിംഗ് പരിശീലനവും നേടി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ സഹായ കേന്ദ്രത്തില്‍ ഭിന്നശേഷി വിഭാഗക്കാരുടെ യൂത്ത് ഐക്കണ്‍ എം.ബി. പ്രണവ് എന്നിവര്‍ വോട്ട് രേഖപ്പെടുത്തി പരിശീലിക്കുന്നു

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം
കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും ചേര്‍ന്നതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍. വോട്ടര്‍ ബൂത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പോളിങ് ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നു. ബാലറ്റ് യൂണിറ്റില്‍ വോട്ടര്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഉണ്ടായിരിക്കും.

വിവിപാറ്റ്
ബാലറ്റ് യൂണിറ്റില്‍ വോട്ടര്‍ താന്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെയുള്ള ചിഹ്നത്തിന്റെ നേര്‍ക്കുള്ള നീല ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവന്ന ലൈറ്റ് തെളിയും. തുടര്‍ന്ന് വോട്ടുരേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഏഴു സെക്കന്റ് നേരം വിവിപാറ്റിലെ ഡിസ്പ്ലേ യൂണിറ്റില്‍ തെളിഞ്ഞു കാണാം. അതിനുശേഷം അവയുടെ പ്രിന്റ് താഴെയുള്ള സുരക്ഷാ അറയിലേയ്ക്ക് വീഴുകയും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഭാവിയില്‍ വോട്ട് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പേപ്പര്‍ വോട്ടുകളെണ്ണി സംശയം ദൂരികരിക്കാവുന്നതാണ്.