* അതിർത്തി ജില്ലകളിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേർന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് വയനാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ ഉന്നതോദ്യോഗസ്ഥർ യോഗം ചേർന്നു. ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ വൈത്തിരി വില്ലേജ് റിസോർട്ടിലായിരുന്നു യോഗം. തെരഞ്ഞെടുപ്പ് കാലയളവിൽ നികുതി വെട്ടിച്ചുള്ള ചരക്ക് കടത്ത്, കുഴൽപ്പണം, മദ്യക്കടത്ത് എന്നിവ തടയുന്നതിനാവശ്യമായ നടപടികൾ യോഗം ചർച്ച ചെയ്തു. അതിർത്തികളിൽ നിരീക്ഷണം കർശനമാക്കും. ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് ചെക്‌പോസ്റ്റുകൾ ശാക്തീകരിക്കും.
വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ അതിർത്തി പ്രദേശങ്ങളിൽ മദ്യലഭ്യതയില്ലെന്ന് ഉറപ്പുവരുത്തും. കുറ്റകൃത്യങ്ങൾക്കു തടയിടാൻ കുറ്റവാളികളുടെ പട്ടികയും രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിക്കുന്ന വിവരങ്ങളും പരസ്പരം കൈമാറും. വോട്ടിങ് ഉറപ്പുവരുത്താൻ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ എസ്റ്റേറ്റുകളിലും മറ്റും ജോലി ചെയ്യുന്ന വയനാട്ടുകാരായ തൊഴിലാളികൾക്ക് ഏപ്രിൽ 22, 23 തിയ്യതികളിൽ അവധി നൽകണമെന്ന കാര്യവും യോഗം ചർച്ച ചെയ്തു.
കോഴിക്കോട് കളക്ടർ ശീറാം സാംബശിവറാവു, മലപ്പുറം കളക്ടർ അമിത് മീണ, നീലഗിരി കളക്ടർ ജെ. ഇന്നസെന്റ് ദിവ്യ, വയനാട് എസ്പി ആർ. കറപ്പസാമി, മലപ്പുറം എസ്പി പ്രതീഷ് കുമാർ, ചാമരാജ്‌നഗർ എസ്പി ധർമേന്ദർ കുമാർ മീണ, മൈസൂരു എസ്പി അമിത് സിങ്, നീലഗിരി എസ്പി ഷൺമുഖപ്രിയ, വയനാട് സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, കോഴിക്കോട് സബ് കളക്ടർ വി. വിഗ്നേശ്വരി, അസിസ്റ്റന്റ് കളക്ടർ അഞ്ജു, വയനാട് എഡിഎം കെ. അജീഷ്, മൈസൂരു എക്‌സൈസ് സൂപ്രണ്ട് എൻ. മഞ്ജുനാഥ്, ഡെപ്യൂട്ടി കമ്മീഷണർ എം. രൂപ, വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ മാത്യൂസ് ജോൺ, കൂർഗ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വീരണ്ണ ഭഗവതി തുടങ്ങിയവർ പങ്കെടുത്തു.
