ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി സംഘടിപ്പിച്ച ഹരിതകര്‍മ്മസേന പദ്ധതിയുടെ ദ്വിദിന പരിശീലന പരിപാടി കട്ടപ്പന മുന്‍സിപ്പാലിറ്റിയില്‍ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ വാര്‍ഡില്‍ നിന്നും രണ്ട് കര്‍മ്മസേനാംഗംങ്ങളെ വീതം തിരഞ്ഞെടുത്ത് പരിശീലനം പൂര്‍ത്തിയാക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും ഇതിനോടനുബന്ധിച്ച് തയ്യാറാക്കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ച പരിപാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജമ്മ രാജന്‍ ഉദ്ഘാടനം ചെയ്തു.
ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ ഓരോ വീടും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ഓരോയിടത്തും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജൈവ – അജൈവ മാലിന്യത്തിന്റെ അളവ് ശേഖരിക്കുകയും നിലവിലുള്ള മാലിന്യ സംസ്‌കരണ രീതികള്‍ കണ്ടെത്തുകയും ചെയ്യും. അതോടൊപ്പം ജൈവമാലിന്യത്തെ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും അജൈവമാലിന്യത്തിന്റെ ശേഖരണ, സംഭരണ, സംസ്‌കരണ കൈമാറ്റ രീതികള്‍ വിശദീകരിക്കുമെന്ന് ഹരിത കര്‍മ്മസേന പദ്ധതി വിശദീകരിച്ചുകൊണ്ട് ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍ പറഞ്ഞു. കുടുംബശ്രീ ഹരിതകര്‍മ്മ സേന രൂപീകരണം അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എ ഷാജിമോന്‍ നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ലോഹിതാക്ഷന്‍ കൗണ്‍സിലര്‍മാരായ ഗിരീഷ് മാലി, സണ്ണി കോലോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.