ഭിന്നശേഷിക്കാര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനുവേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍  ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കും അദ്ദേഹം ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. 
 
ഭിന്നശേഷിക്കാരെ  അതത് ബൂത്തുകളില്‍ എത്തിക്കുന്നതിനുവേണ്ട  ക്രമീകരണങ്ങളുടെ രൂപരേഖ തയ്യാറാക്കണം. ചലനശേഷിക്കുറവുള്ളര്‍ -3010, കാഴ്ച വൈക്യമുള്ളവര്‍- 518, ബധിരര്‍- 703, മറ്റു വിഭാഗങ്ങളില്‍പെടുന്നവര്‍-776 എന്നിങ്ങനെ ജില്ലയില്‍ ആകെ ഭിന്നശേഷിക്കാരായ 5007 വോട്ടര്‍മാരാണുള്ളത്. 
 
ഈ വിഭാഗത്തില്‍പെടുന്നവര്‍ ഏറ്റവും കൂടുതലുള്ളത് ഏറ്റുമാനൂര്‍ നിയമസഭാ യോജക മണ്ഡലത്തിലാണ്. 955 ഭിന്നശേഷിക്കാരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് ചങ്ങനാശേരിയിലാണ്-145 പേര്‍.  കോട്ടയം- 877, പുതുപ്പള്ളി- 827, വൈക്കം- 636, പൂഞ്ഞാര്‍- 506, കാഞ്ഞിരപ്പള്ളി- 457, പാലാ- 358, കടുത്തുരുത്തി- 246 എന്നിങ്ങനെയാണ് മറ്റു നിയോജകമണ്ഡലങ്ങളിലെ കണക്ക്. 
 
ഇവര്‍ക്ക് വോട്ടു ചെയ്യുന്നതിന് വൈകല്യം തടസമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗം ലക്ഷ്യമിടുന്നത്.  താമസിക്കുന്ന സ്ഥലത്തുനിന്നും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച്  ഇവരെ പോളിംഗ് ബൂത്തിലും  തിരികെ വീട്ടിലും എത്തിക്കും. ഇതിനാവശ്യമായ വാഹനങ്ങള്‍, വീല്‍ചെയറുകള്‍ എന്നിവ മുന്‍കൂട്ടി ഏര്‍പ്പാടാക്കും. 
 
ഭിന്നശേഷിക്കാരുടെ താമസ സ്ഥലം നേരത്തെ മനസിലാക്കണമെന്നും ഇവരുമായി ബന്ധപ്പെടുതിനുള്ള ഫോണ്‍നമ്പരുകള്‍ ബി.എല്‍.ഒമാര്‍ മുഖേന ഉടന്‍ ശേഖരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.