ലോക ടി.ബി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് പി.ടി ഉഷയോടൊപ്പം ഓടും. ക്ഷയ രോഗബോധവല്‍ക്കരണത്തിനായി കാസര്‍കോട് നടക്കുന്ന കൂട്ടയോട്ടത്തിലാണ് ഒളിമ്പ്യന്‍ പി ടി ഉഷ പങ്കെടുക്കുന്നത്. 23ന് രാവിലെ 8.30ന് കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടം പുതിയ ബസ് സ്റ്റാന്റില്‍ സമാപിക്കും. എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കോളജ് വിദ്യാര്‍ത്ഥികള്‍, നെഹ്‌റു യുവ കേന്ദ്ര യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍, കുടുംബശ്രീ, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അണിനിരക്കും. കൂട്ടയോട്ടത്തിന് ജില്ലാ പോലിസ് മേധാവി ജെയിംസ് ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്യും. പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമാപന യോഗം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും. പി ടി ഉഷ മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലയിലെ സീനിയര്‍ ഫിസീഷ്യനും മുന്‍ ജില്ലാ ടി ബി ഓഫീസറുമായ ഡോ. ബി എസ് റാവുവിനെ ആദരിക്കും.
മാരകമായ ടി.ബിയില്‍ (മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് ടിബി) നിന്നും ചികിത്സയിലൂടെ വിമുക്തി നേടിയ ജില്ലയിലെ ആദ്യത്തെ രോഗിയേയും ചടങ്ങില്‍ ആദരിക്കും. വായുവിലൂടെ പകരുന്ന ക്ഷയരോഗം പൂര്‍ണമായും ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. ജില്ലയില്‍ ക്ഷയരോഗം ചികിത്സ ഫലപ്രദമായി നടപ്പാക്കുന്നതിനാല്‍ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതായി ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ടി പി ആമിന പറഞ്ഞു. ക്ഷയരോഗ ദിനാചരണം സംബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. എ ടി മനോജ്, ഡോ. കെ കെ ഷാന്റി, ജില്ലാ ടിബി ഓഫീസര്‍ ഡോ. ടി.പി ആമിന, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.