പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 49 മാതൃക പോളിംഗ് ബൂത്തുകൾ ഒരുക്കും. ഓരോ വില്ലേജിലും ഒരെണ്ണം എന്ന നിലയിലാണ് ബൂത്തുകൾ തയ്യാറാക്കുന്നത്. ജില്ലാ കളക്ടർ എ.ആർ ആജയകുമാറിന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കളക്‌ട്രേറ്റിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തലത്തിലായിരുന്നു മാതൃക പോളിംഗ് ബൂത്തുകൾ ഒരുക്കിയിരുന്നത്. എല്ലാ പോളിംഗ് ബുത്തുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാമ്പ് സൗകര്യം ഏർപ്പെടുത്തും. ഇക്കാര്യം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി. ഭിന്നശേഷിക്കാരായ വോട്ടർമാരുടെ കണക്കെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ട്. സി വിജിൽ മൊബൈൽ അപ്പ് വഴി മാതൃക പെരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച ലഭിക്കുന്ന പരാതിയിൽ സമയബന്ധിതമായി നടപടി സ്വീകരിക്കും.