അന്ധയായ മകളുമായി മുളിയാറില്‍ നിന്നെത്തിയ ചോമാറുവിന് കളക്ടര്‍ക്ക് മുമ്പില്‍ ബോധിപ്പിക്കാനുണ്ടായിരുന്നത് പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമി പതിച്ചു നല്‍കണമെന്നതായിരുന്നു. എഴുപത് കഴിഞ്ഞ ചോമാറുവിന്റെ അപേക്ഷയ്ക്ക് പരിഹാരമുണ്ടാക്കുന്നതിനൊപ്പം 34 വയസായ മകള്‍ സുജാതയ്ക്ക് കണ്ണിന് ചികിത്സയ്ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്നും ഉറപ്പുനല്‍കിയാണ് കളക്ടര്‍ ഈ അമ്മയെയും മകളെയും യാത്രയാക്കിയത്. ജനിച്ചപ്പോള്‍ തന്നെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടായിരുന്നു സുജാതയ്ക്ക്. ഒരു കണ്ണിന് നേരിയ കാഴ്ച മാത്രമുണ്ടായിരുന്ന സുജാത എസ്എസ്എല്‍സിവരെ പഠിച്ചിട്ടുണ്ട്. പത്താം ക്ലാസ് പഠനസമയത്ത് കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇപ്പോള്‍ നാലുവര്‍ഷമായി ആയുര്‍വേദ ചികിത്സയെത്തുടര്‍ന്ന് ഒരു കണ്ണിന് നേരിയ കാഴ്ചയുണ്ട്. മികച്ച ചികിത്സ ലഭിച്ചാല്‍ പൂര്‍ണ്ണമായും കാഴ്ച ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ചികിത്സയ്ക്കാവശ്യമായ സഹായം ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ ജില്ലാ പട്ടിക ജാതി വികസന ഓഫീസറോട് കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നടത്തിയ കാസര്‍കോട് താലൂക്ക് തല പരാതിപരിഹാര അദാലത്തിലാണ് ഈ അമ്മയ്ക്കും മകള്‍ക്കും മുന്നോട്ടുള്ള ജീവിതത്തില്‍ പുതുവെളിച്ചമാകുന്നത്.
മൂളിയാറില്‍ നിന്നുതന്നെയെത്തിയ കൃഷ്ണന്‍നായരുടെ സങ്കടം തനിക്ക് പട്ടയം ലഭിച്ച 10 സെന്റ് ഭൂമി അളന്നുനല്‍കണമെന്നതായിരുന്നു. ഒന്‍പതുവര്‍ഷമായി ഈ ആവശ്യം ഉന്നയിച്ച് വിലേജ് ഓഫീസ് കയറിയിറങ്ങുകയാണ്. തന്റെ ആവശ്യം കളക്ടര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയതോടെ ബോവിക്കാനം വില്ലേജ് ഓഫീസറോട് ഒരാഴ്ചക്കകം ഭൂമി അളന്നു നല്‍കുവാന്‍ നിര്‍ദേശം നല്‍കി. വയോധികനായ നാരായണ്‍നായരുടെ ആവശ്യം താന്‍ പ്രമേഹരോഗിയാണെന്നും തന്റെ റേഷന്‍കാര്‍ഡ് എപിഎല്‍ ലിസ്റ്റിലായതിനാല്‍ ഗോതമ്പ് ലഭിക്കുന്നില്ലെന്നായിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ ജില്ലാ സപ്ലൈ ഓഫീസറോട് കളക്ടര്‍ നിര്‍ദേശിച്ചു. കുമ്പഡാജെയില്‍ നിന്നുള്ള മൈമുനയുടെയും ഭര്‍ത്താവിന്റെയും ആവശ്യം റോഡില്‍ നിന്നും 100 മീറ്ററിലധികം ദൂരത്ത് താമസിക്കുന്ന തങ്ങളുടെ സ്ഥലം പതിച്ചുകിട്ടുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് എന്‍ഒസി ലഭിക്കുന്നില്ലെന്നായിരുന്നു.പരാതി സ്വീകരിച്ച കളക്ടര്‍ ബദിയടുക്ക അസി.എഞ്ചിനീയറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ വിവിധങ്ങളായ 121 പരാതികളാണ് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ ജില്ലാ കളക്ടറുടെ മുന്നില്‍ പരിഹാരം തേടിയെത്തിയത്. ഇതില്‍ ഭൂരിഭാഗം അപേക്ഷകളിലും പരിഹാരമുണ്ടായി. ബാക്കിയുള്ളത് നടപടികള്‍ക്കായി വിവിധ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ജില്ലയില്‍ ഈ വര്‍ഷം കളക്ടര്‍ നടത്തിയ മൂന്നാമത്തെ താലൂക്ക്തല അദാലത്താണ് ഇന്നലെ നടന്നത്. കഴിഞ്ഞ ഒക്ടടോബര്‍ 30ന് വെള്ളരിക്കുണ്ട് താലൂക്കിലും നവംബര്‍ 30 ന് മഞ്ചേശ്വരം താലൂക്കിലുമാണ് അദാലത്തുകള്‍ നടത്തിയത്. വെള്ളരിക്കുണ്ടില്‍ 230, മഞ്ചേശ്വരത്ത് 130 പരാതികളും തീര്‍പ്പാക്കിയിരുന്നു. അടുത്ത അദാലത്ത് ജനുവരിയില്‍ ഹോസ്ദുര്‍ഗ് താലൂക്കില്‍ നടക്കും.
കളക്ടറുടെ താലൂക്ക് പരാതി പരിഹാര അദാലത്ത്,
കാസര്‍കോട് ലഭിച്ചത് 121 അപേക്ഷകള്‍
ജില്ലാ കളക്ടര്‍ നടത്തിയ കാസര്‍കോട് താലൂക്ക് തല അദാലത്തില്‍ മൊത്തം 121 പരാതികള്‍ സ്വീകരിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ നടത്തിയ പരാതി പരിഹാരഅദാലത്തിലാണ് വിവിധ വകുപ്പുകളിലായി ഇത്രയും പരാതികള്‍ പരിഗണിച്ചത്. ജില്ലയില്‍ ഈ വര്‍ഷം നടത്തിയ മൂന്നാമത്തെ താലൂക്ക്തല അദാലത്തായിരുന്നു കാസര്‍കോട് നടന്നത്.
ഇന്നലെ മാത്രം ലഭിച്ചത് 53 പരാതികളാണ്. ഇതില്‍ 51 അപേക്ഷകള്‍ റവന്യുവകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. 68 പരാതികള്‍ ഈ മാസം 11 വരെ വരെ ലഭിച്ചിരുന്നു. അതില്‍ 62 അപേക്ഷകള്‍ റവന്യു വകുപ്പുമായും ആറെണ്ണം മറ്റു വകുപ്പുകളുമായും ബന്ധപ്പെട്ടതായിരുന്നു.അങ്ങനെ മൊത്തം 121 പരാതികളാണ് പരിഗണിച്ചത്. ഭൂരിഭാഗം പരാതികളിലും പരിഹാരമുണ്ടാക്കി. ബാക്കിയുള്ളത് നടപടികള്‍ക്കായി വിവിധവകുപ്പുകള്‍ക്ക് കൈമാറി. കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, എഡിഎം:എന്‍. ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) കെ.രവികുമാര്‍, തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍ പങ്കെടുത്തു.