പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 29 പരാതികള്‍ തീര്‍പ്പാക്കി. ആകെ 85 പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് എത്തിയത്. 16 പരാതികളില്‍ പോലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികള്‍ കൗണ്‍സിലിംഗിനായി അയച്ചു. 36 പരാതികള്‍ അടുത്ത അദാലത്തിലേക്ക് പരിഗണിക്കുന്നതിനായി മാറ്റിവച്ചു. നാല് പരാതികളില്‍ റവന്യു ഡിവിഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് തേടി.
കുടുംബ പ്രശ്‌നങ്ങളുമായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകളോട് കൂടുതല്‍ സൗഹാര്‍ദപരമായ സമീപനം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ചില സാഹചര്യങ്ങളില്‍ പോലീസ് കുടുംബ പ്രശ്‌നങ്ങളുമായി എത്തുന്ന സ്ത്രീകളോട് സൗഹാര്‍ദപരമല്ലാത്ത രീതിയില്‍ പെരുമാറുന്നതായും ഇവരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും ഉള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നിര്‍ദേശം. കുറിയന്നൂര്‍ കാഞ്ഞീറ്റുകരയില്‍ പാറമട നടത്തുന്ന ആളുടെ പ്രവര്‍ത്തി മൂലം വയോധികയായ ഒരു സ്ത്രീക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചു. 65 സെന്റ് സ്ഥലമു ള്ള ഈ സ്ത്രീയുടെ വീടിന്റെ വരാന്ത വരെ പാറമടയുടെ പ്രവര്‍ത്തനം മൂലം ഇടിഞ്ഞുവീഴുന്ന അവസ്ഥയിലായിട്ടുണ്ട്. രോഗിയായ ഭര്‍ത്താവ് മാത്രമുള്ള ഈ സ്ത്രീയുടെ സ്ഥലം സെന്റിന് 1000 രൂപ വച്ച് നല്‍കണമെന്ന് സ്ഥിരമായി ഭീഷണിയുമുണ്ടാകുന്നുണ്ട്. സീനിയര്‍ സിറ്റിസണായ ഇവരുടെ പരാതിയില്‍ ഏഴ് ദിവസത്തിനുള്ളില്‍ അനേ്വഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.
അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ.എം.എസ്.താര, അഡ്വ.ഷിജി ശിവജി, ഡയറക്ടര്‍ വി.കുര്യാക്കോസ്, ലീഗല്‍ പാനല്‍ ഉദേ്യാഗസ്ഥരായ അഡ്വ.സീന, അഡ്വ.സുജാത, അഡ്വ.ദീപു പീതാംബരന്‍, അഡ്വ.എസ്.സബീന, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ താഹിറ ബീവി, വനിത സെല്‍ ഉദേ്യാഗസ്ഥരായ ആനിയമ്മ കോശി, സന്ധ്യ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.പി.മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.