പോളിംഗ് ബൂത്തുകളായി ഉപയോഗിക്കുന്ന ക്ലാസ് മുറികൾ മാലിന്യരഹിതമാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാൻ സ്‌കൂൾ വിദ്യാർത്ഥികൾ രംഗത്ത്. പൊതുവിദ്യാഭ്യാസ വകുപ്പും ഹരിതകേരളം മിഷനും സംയുക്തമായാണ് പ്രവൃത്തി ഏറ്റെടുത്തത്. ജില്ലയിലെ ആകെയുളള 575 ബൂത്തുകളിൽ 308 എണ്ണം ബൂത്തുകളും വിദ്യാലയങ്ങളിലാണ്. വാർഷിക പരീക്ഷ കഴിയുന്ന ദിനം സ്‌കൂളുകളിലെ വിവിധ ക്ലബ്ബുകളിലെ ഗ്രീൻ വൊളന്റിയേഴ്‌സ് ക്ലാസ് മുറികളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കും. പോളിംഗ് ദിനത്തിലും ഇവരുടെ സേവനം ഉറപ്പുവരുത്തും. ഹരിതകർമസേനയുടെ നേതൃത്വത്തിൽ വേർതിരിക്കപ്പെട്ട അജൈവമാലിന്യം പുനഃചംക്രമണത്തിനായി ശേഖരിക്കും. ഹരിതപെരുമാറ്റചട്ടം പാലിക്കാനായി പഞ്ചായത്ത്/നഗരസഭാ തലത്തിൽ രൂപീകരിച്ച ഫെസിലിറ്റേഷൻ കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
