ലോക കാലാവസ്ഥ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ സുധീർ കിഷൻ നിർവ്വഹിച്ചു. പൊതു വിദ്യഭ്യാസ വകുപ്പിന്റെ 30 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് സൃഷ്ടിച്ചിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അനുയോജ്യമായ ഏത് അളവിലുമുള്ള ഭൂഭാഗത്തും മനുഷ്യ നിർമിത ചെറു വനങ്ങൾ സൃഷ്ടിക്കുന്ന ഹരിത കേരളം മിഷന്റെ പദ്ധതിയാണ് പച്ചത്തുരുത്ത്.
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പരമാവധി പച്ചത്തുരുത്തുകൾ സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരം പച്ചത്തുരുത്തുകൾ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കും ദേശീയ ഹരിത സേനാംഗങ്ങൾക്കുമാണ് ഈ പച്ചത്തുരുത്തിന്റെ പരിപാലന ചുമതല. വൈത്തിരി പൊലീസ് സ്റ്റേഷൻ അധികൃതരും സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
വൈത്തിരി ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് പി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന ജില്ലാ കൺവീനറും സംസ്ഥാന അദ്ധ്യാപക ജേതാവുമായ സി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. എസ്.പി.സി ട്രെയിനർ സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർ ഷംനാസ്, വൈത്തിരി സ്‌കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ കെ.കെ സന്തോഷ്, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ ആർ.രവി ചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്.പി.സി സ്റ്റുഡന്റ് കേഡറ്റുമാർ ഹരിത കേരളം മിഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.