ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28ന് തുടങ്ങും. പത്രികകൾ ഏപ്രിൽ നാലുവരെ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എ.ആർ അജയകുമാർ സ്വീകരിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രിക സ്വീകരിക്കുക. റിട്ടേണിങ് ഓഫീസറുടെ കാര്യാലയത്തിന് നൂറുമീറ്റർ പരിധിക്കുള്ളിൽ മൂന്നു വാഹനങ്ങൾക്കു മാത്രം സ്ഥാനാർത്ഥിയെ അനുഗമിക്കാം. വരണാധികാരിയുടെ ഓഫീസിനുള്ളിൽ സ്ഥാനാർത്ഥി അടക്കം അഞ്ചുപേർക്കു മാത്രമാണ് പ്രവേശനം. ഇതു നിരീക്ഷിക്കാൻ ഡിവൈ.എസ്.പിയുടെ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്. ചട്ടലംഘനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായെടുക്കും. നാമനിർദേശ പത്രികയോടൊപ്പം ഇത്തവണ സ്ഥാനാർത്ഥിയുടെ സ്റ്റാമ്പ് സൈസ് ഫോട്ടോ കൂടി സമർപ്പിക്കണം. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിനു നടക്കും. എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി. ഏപ്രിൽ 23ന് വോട്ടെടുപ്പും മെയ് 23ന് വോട്ടെണ്ണലും നടക്കും.