കുടുംബശ്രീ ഭക്ഷ്യമേള താളും തകരയും കൽപ്പറ്റ വിജയപമ്പ് പരിസരത്ത് തുടക്കം. നാലു ദിവസത്തെ മേളയിൽ തനതു വിഭവങ്ങളുടെ വിപുലമായ ശേഖരമൊരുക്കിയിട്ടുണ്ട്. നാടൻ തനിമ നിലനിർത്തിക്കൊണ്ട് പുത്തൻ വിഭവങ്ങളുടെ രുചിക്കൂട്ട് ഒരുക്കുകയാണ് ഭക്ഷ്യമേള. മുപ്പതോളം വീട്ടമ്മമാരുടെ പാചക വൈദഗ്ധ്യമാണ് മേളയുടെ ആകർഷണം. ആദിവാസി മേഖലയിലെ തനതു വിഭവങ്ങളും ഇവിടെ ലഭിക്കും. ചെണ്ടൻ കപ്പ, കാന്താരിച്ചമ്മന്തി, പുഴുങ്ങിയ ചേന, ചേമ്പ്, ഏത്തപ്പഴം, കുമ്പിളപ്പം, പക്കവട, ഉപ്പിലിട്ട മാങ്ങ ചമ്മന്തി, വഴച്ചുണ്ട് തോരൻ, ഇടിച്ചക്ക ഉപ്പേരി തുടങ്ങി നാവിൽ രൂചിയേറുന്ന നാടൻ വിഭവങ്ങൾ ഒറ്റ ദിവസം കൊണ്ട് ശ്രദ്ധയാകർഷിച്ചു. കൂടാതെ കപ്പ ബിരിയാണി, ചിക്കൻ കായ, ബനാന ജർമ്മൻ ബോൾ, കപ്പ ബീഫ് കബാബ്, പിടിയും നാടൻ കോഴിക്കറി ഇങ്ങനെ നീളുന്നു മറ്റു വിഭവങ്ങൾ. നാലാം ദിവസമായ വ്യാഴാഴ്ച്ച കുക്കറിഷോയും പാചക മത്സരവും സംഘടിപ്പിക്കും. വയനാടിന്റെ വിവിധയിടങ്ങളിൽ ഉൽപ്പാദിപ്പിച്ച കുടുംബശ്രീ ഉൽപ്പന്നങ്ങളും മേളയിലുണ്ട്.