ആലപ്പുഴ: വിഷരഹിത ജൈവ പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ, പച്ചക്കറി തൈകൾ, എന്നിവയുടെ വിപുലമായ വിപണിയൊരുക്കി മാതൃകയാവുകയാണ് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ ചേർന്നാണ് ഇവിടേക്ക് ആവശ്യമുള്ള ജൈവ പച്ചക്കറികൾ, പഴങ്ങൾ എന്നിവ സ്വന്തം ഭവനങ്ങളിൽ ഉത്പാദിപ്പിച്ച് വിപണനത്തിനെത്തിച്ചിരിക്കുന്നത്. എല്ലാ ബുധനാഴ്ച്ചകളിലും ഉച്ചക്ക് 1.30 മുതൽ രണ്ടു മണി വരെയാണ് പച്ചക്കറികളുടെ വിപണനം. ജോലി സമയത്തെ ബാധിക്കാതെ ഉച്ച ഭക്ഷണ സമയത്താണ് വിപണി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷക്കാലമായി ഒരാഴ്ച്ച പോലും മുടക്കം വരാതെ വിപണിയൊരുക്കാൻ ഉദ്യോഗസ്ഥർക്കായി. പയർ, തക്കാളി, കോവയ്ക്ക , വഴുതനങ്ങ, പടവലങ്ങ, പച്ചമുളക്, നെയ്ക്കുമ്പളം, ചക്ക, ചെറുനാരങ്ങ, പീച്ചിങ്ങ, ചീര, വേപ്പില, തേങ്ങ, പാവയ്ക്ക തുടങ്ങിയവയാണ് ഇവിടെ വിൽപ്പനയ്‌ക്കെത്തിച്ചത്. കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് പുറമെ പൊതുജനങ്ങൾക്കും ഇവിടെ നിന്ന് പച്ചക്കറി വാങ്ങനാകും. സംസ്ഥാന സർക്കാരിന്റെ പൊതു വിതരണ വകുപ്പ് അംഗീകരിച്ചിട്ടുള്ള നിരക്കിലാണ് ഇവിടെ പച്ചക്കറികൾ വിൽക്കുന്നത്. സ്റ്റാഫ് കൗൺസിൽ ജോയിന്റ് സെക്രട്ടറിയും റവന്യൂ വിഭാഗം ഉദ്യോഗസ്ഥനുമായ വിനോദ് ജോൺ, സജീവ്.എസ്, സുജിത്ത്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. സീസൺ അനുസരിച്ചുള്ള പഴവർഗങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പുറമേ പച്ചക്കറി തൈകളും ഇവിടെ നിന്നും ലഭിക്കും.