ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാ ഇലക്ഷൻ മാനേജ്‌മെന്റ്, സ്വീപ് ആക്ഷൻ പ്ലാനുകൾ ജില്ലാ കളക്ടർ എ.ആർ അജയകുമാർ പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ മുഴുവൻ വിവരങ്ങളും ഇലക്ഷൻ മാനേജ്‌മെന്റ് പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വോട്ടർപട്ടിക, വിവര കൈമാറ്റം, റൂട്ട്-ലോജിസ്റ്റിക് പ്ലാനുകൾ, സേനാവിന്യാസം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളും പരിപാടികളുമാണ് സ്വീപ് ആക്ഷൻ പ്ലാനിലുള്ളത്. വോട്ടുവണ്ടി, ബോധവത്ക്കരണ സന്ദേശയാത്ര, ആദിവാസി കോളനികളിലെ തെരഞ്ഞെടുപ്പ് ബോധവത്ക്കരണം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തുടങ്ങിയവ ഇതിലുണ്ട്.
ഇരു പ്ലാനുകളും സമയബന്ധിതമായി പൂർത്തീകരിക്കാൻ അക്ഷീണം പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ അഭിനന്ദിച്ചു. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുന്നതിൽ ബന്ധപ്പെട്ട ജീവനക്കാർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി. റംല, സ്വീപ് നോഡൽ ഓഫീസർ എൻ.ഐ ഷാജു, കെ.എം ഹാരിഷ്, ഇലക്ഷൻ വിഭാഗം ജില്ലാ പ്രോഗ്രാമർ വി.ആർ ഉദയകുമാർ, സീനിയർ സൂപ്രണ്ട് ഇ. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
