സമൂഹമാധ്യമങ്ങളിലടക്കം ചട്ടലംഘനം നടക്കുന്നുണ്ടോയെന്നു കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയാ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) പ്രവർത്തനമാരംഭിച്ചു. കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിലാണ് മോണിറ്ററിങ് കമ്മിറ്റി പ്രവർത്തിക്കുന്നത്. സ്ഥാനാർത്ഥിയുടെയും പാർട്ടിയുടെയും സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജുകൾ ഏതൊക്കെയാണെന്ന് നാമനിർദേശ പത്രികയിൽ സമർപ്പിക്കണമെന്നു കമ്മീഷൻ നിർദേശമുണ്ട്. ഈ പേജിലെ പരസ്യങ്ങളും ലേഖനങ്ങളും തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. എന്നാൽ, അനൗദ്യോഗിക പേജുകളിൽ വരുന്നവ കമ്മിറ്റി പരിശോധിക്കില്ല. മതസ്പർദ്ധ വളർത്തുന്ന പരാമർശങ്ങൾ, വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകൾ എന്നിവയും പരിശോധിക്കും.
വിക്കിപീഡിയ, ബ്ലോഗുകൾ, ട്വിറ്റർ, യൂ ട്യൂബ്, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവ സമൂഹമാധ്യമങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ തിരഞ്ഞെടുപ്പ് പരസ്യം നൽകുന്നതിന് മുൻകൂർ അനുമതി ആവശ്യമാണ്. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് മീഡിയാ സെല്ലിൽ വിവരമറിയിക്കാം.