നെല്ലുസംഭരണം പുന:രാരംഭിക്കാന്‍ മില്ലുകാര്‍ക്ക് റീ അലോട്ട്‌മെന്റ് നല്‍കിയതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. സംഭരണശേഷി ഇല്ലാത്തതിനാല്‍ നെല്ലുസംഭരണം നടത്താനാവില്ലെന്ന് ചില മില്ലുകാര്‍ രേഖാമൂലം അധികൃതരെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ക്ക് പകരം നെല്ല് ഏറ്റെടുക്കാന്‍ മറ്റ് മില്ലുകാര്‍ക്ക് അനുമതി നല്‍കുന്നതാണ് റീഅലോട്ട്‌മെന്റ്. പ്രളയത്തില്‍ ഒഴുകിയെത്തിയ മേല്‍മണ്ണ് പാടങ്ങളിലും മറ്റും അടിഞ്ഞതോടെ ജില്ലയില്‍ രണ്ടാംവിള കൃഷിയില്‍ നെല്ലുത്പാദനം കുത്തനെ ഉയര്‍ന്നിരുന്നു. ഒരേക്കറില്‍ നിന്നും ചുരുങ്ങിയത് 2400 മുതല്‍ 2700 കിലോവരെ നെല്ല് ലഭിച്ചു. അധികനെല്ലും സ്വീകരിക്കാന്‍ സപ്ലൈകോ ചെറുകിട, വന്‍കിട മില്ലുകാര്‍ക്ക് നിര്‍ദേശം നല്‍കിയതോടെ ഗോഡൗണുകള്‍ നിറഞ്ഞുകവിഞ്ഞു. തുടര്‍ന്ന് നെല്ല് ഏറ്റെടുക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ ചില മില്ലുകാര്‍ അനുമതി തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റീ അലോട്ട്‌മെന്റ് നല്‍കിയത്. സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കര്‍ഷകരുടെയും നെല്ല് സംഭരിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ നിന്നും ഇതുവരെയായി 86,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞു. ലോഡിംഗ് തൊഴിലാളികളുടെ സമയക്രമം നെല്ല് സംഭരണത്തെ ഒരുതരത്തിലും ബാധിക്കില്ല. സൂര്യാഘാത ഭീഷണിയെത്തുടര്‍ന്ന് ലോഡിംഗ് തൊഴിലാളികള്‍ക്ക് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയത് അതനുസരിച്ചാണ് നെല്ലുശേഖരണം നടത്തുന്നത്. ഒരേക്കറില്‍ നിന്നും ഏകദേശം 3000 കിലോയോളം നെല്ല് സംഭരിക്കാനാകുമെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
