ഓഖി ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബങ്ങള്‍ക്കും രക്ഷപെട്ടവര്‍ക്കും ആവശ്യമായ സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. പൂന്തുറയിലെത്തി ദുരന്തബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ദുഖത്തില്‍ രാജ്യം മുഴുവന്‍ പങ്കുചേരുന്നു. കേന്ദ്ര സര്‍ക്കാരും ഒപ്പമുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനും കേന്ദ്ര സഹായമുണ്ടാവും.
തീരദേശത്തിന്റെ ദുഖത്തില്‍ പങ്കു ചേരാനാണ് എത്തിയത്. കടലില്‍ കാണാതായവര്‍ ക്രിസ്മസിനു മുമ്പ് തിരിച്ചെത്തട്ടെയെന്നാണ് പ്രാര്‍ത്ഥന. ഓഖി ചുഴലിക്കാറ്റ് കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ മത്‌സ്യത്തൊഴിലാളികള്‍ക്കൊപ്പം കര്‍ഷകര്‍ക്കും ഗ്രാമങ്ങള്‍ക്കും നാശം വിതച്ചിട്ടുണ്ട്. ദുരന്തമുണ്ടായ വേളയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ ദുരന്ത മേഖലകളിലേക്ക് അയച്ചിരുന്നു. നാവികസേന, കോസ്റ്റ്ഗാര്‍ഡ് ഉള്‍പ്പെടെയുള്ള കേന്ദ്ര സേനകള്‍ ഇപ്പോഴും കടലില്‍ നിരീക്ഷണം തുടരുകയാണ്. ഇവിടെ നിന്നുള്ള മത്‌സ്യത്തൊഴിലാളികള്‍ വിദേശ രാജ്യങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ എംബസികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ എത്തിയവരെ കേരളത്തിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്കാണ് ആദ്യം പോയത്. വൈകിട്ട് തിരിച്ചെത്തിയ ശേഷം റോഡ് മാര്‍ഗം 4.45ഓടെ പൂന്തുറയിലെത്തി. വിഴിഞ്ഞം, വലിയതുറ, പുതുക്കുറിച്ചി, പുല്ലുവിള, പൂന്തുറ ഉള്‍പ്പെടെ തീരമേഖലയില്‍ നിന്നുള്ള ഓഖി ദുരന്തബാധിതരെയാണ് പൂന്തുറയിലെ കമ്മ്യൂണിറ്റി സെന്ററില്‍ എത്തിച്ചിരുന്നത്. പ്രധാനമന്ത്രി ജനങ്ങള്‍ക്കിടയിലെത്തി അവരുടെ സങ്കടങ്ങള്‍ കേട്ടു. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ. മെഴ്‌സിക്കുട്ടിയമ്മ, ഇ. ചന്ദ്രശേഖരന്‍, കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം. പിമാരായ റിച്ചാര്‍ഡ് ഹേ, സുരേഷ്‌ഗോപി, എം. എല്‍. എമാരായ ഒ. രാജഗോപാല്‍, വി. എസ്. ശിവകുമാര്‍, ജില്ലാ കളക്ടര്‍ കെ. വാസുകി, മത്‌സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍, വിവിധ പള്ളികളിലെ വികാരിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.