സമ്പൂര്‍ണ കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കേന്ദ്ര ലെപ്രസി വിഭാഗം, ആരോഗ്യവകുപ്പ് എന്നിവുടെ  നേതൃത്വത്തില്‍ നടത്തുന്ന ‘അശ്വമേധം’ കുഷ്ഠരോഗനിര്‍ണയ പരിപാടിക്ക് തുടക്കമായി.
  ഇന്നലെ (ഏപ്രില്‍ 29) തുടങ്ങി മെയ് 12 വരെ നീളുന്ന ഭവന സന്ദര്‍ശന രോഗനിര്‍ണയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍ ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ചു. രോഗ  നിര്‍മാര്‍ജനം സാധ്യമാക്കാന്‍ ശരിയായ വിവരങ്ങള്‍ നല്‍കി എല്ലാ കുടുംബങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുഷ്ഠ രോഗത്തിന്റെ ശാരീരിക ലക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്‌ളാഷ് കാര്‍ഡ് ആരോഗ്യ വകുപ്പ് അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് ഔദ്യോഗിക വസതിയിലെത്തി കൈമറിയാണ് സര്‍വെക്ക് തുടക്കമിട്ടത്. ടി ബി സെന്ററില്‍ തുടങ്ങി ജില്ലാ ആശുപത്രിയില്‍ സമാപിച്ച ബോധവത്കരണ റാലി അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലിസ് പി എ മുഹമദ് ആരിഫ് ഫ്‌ളാഗ് ഓഫ് ചെയ്തു.
പരിശീലനം ലഭിച്ച കുടുംബശ്രീ,  ആശ വര്‍ക്കര്‍മാരാണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. ഫ്‌ളാഷ് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലക്ഷണങ്ങള്‍ പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുക. രോഗലക്ഷണം കണ്ടെത്തിയവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയും സൗജന്യ ചികിത്സയും ലഭ്യമാക്കും. സര്‍വെയുടെ ഭാഗമായി മന്തുരോഗനിര്‍ണയവും നടത്തുന്നുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷെര്‍ലി, ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ സി ആര്‍ ജയശങ്കര്‍, ഡെപ്യൂട്ടി ഡി എം ഒമാരായ ഡോ ആര്‍ സന്ധ്യ, ഡോ ജെ മണികണ്ഠന്‍,  എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരികുമാര്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ വൈ മോഹനന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഡി വസന്തദാസ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ കൃഷ്ണവേണി, മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീഹരി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.