ഹരിത കേരളം മിഷന്‍, കില, കുടുംബശ്രീ , ശുചിത്വമിഷന്‍, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ‘പെന്‍സില്‍’ ജില്ലാ പരിശീലന ക്യാമ്പിന് ഉദുമ എരോല്‍ പാലസില്‍ തുടക്കമായി. ഹരിത കേരളം മിഷന്റെ ഭാഗമായി ‘ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം’ എന്ന ലക്ഷ്യത്തോടെ ജില്ലയിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ‘പെന്‍സില്‍’ ക്യാമ്പിന് നേതൃത്വം നല്‍കാനുള്ള പരിശീലകര്‍ക്കുള്ള പരിശീലനത്തിനാണ് തുടക്കമായത്.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ട് വീതം റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. രണ്ടു ദിവസത്തെ ക്യാമ്പില്‍ പാഴ് വസ്തുക്കളില്‍ നിന്ന് കൗതുകവസ്തുക്കള്‍ നിര്‍മ്മിക്കല്‍, വിവിധ മാലിന്യ സംസ്‌കരണ ഉപാധികള്‍ പരിചയപ്പെടല്‍, ഹരിത നിയമങ്ങള്‍ മനസിലാക്കല്‍, ഗൃഹസന്ദര്‍ശനം, ആരോഗ്യ ക്ലാസ്, പ്രദേശത്തെ മാലിന്യ പരിപാലന അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗ് എന്നിവ നടക്കും.
ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കുടുംബശ്രീ മിഷന്‍ അസിസ്റ്റന്‍ഡ് കോഡിനേറ്റര്‍ പ്രകാശന്‍ പാലായി സംസാരിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍മാരായ അര്‍ജുന്‍ കെ.വി, ഷിബിന്‍ ലാല്‍ എം, എച്ച്.കൃഷ്ണ, വിജയകുമാര്‍ പനയാല്‍, ശ്രീധ.കെ.നമ്പ്യാര്‍ എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്.
              ജില്ലാ ക്യാമ്പിന്റെ തുടര്‍ച്ചയായി ബ്ലോക്ക് തല പെന്‍സില്‍ ക്യാമ്പുകള്‍ വിവിധ കേന്ദ്രങ്ങളിലായി മെയ് രണ്ടു മുതല്‍ ഒമ്പത് വരെയുള്ള തീയ്യതികളിലായി നടക്കും. ബ്ലോക്ക് തല പരിശീലനം പൂര്‍ത്തിയായ ശേഷം തദ്ദേശ സ്ഥാപനതലത്തിലും വാര്‍ഡു തലത്തിലും കുട്ടികള്‍ക്കായി പെന്‍സില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.