കുരങ്ങുപനി പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ 1231 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അപ്പപ്പാറ, ബേഗൂർ, മേഖലകളിൽ മാത്രമായി 986 പേർക്ക് പ്രതിരോധകുത്തിവയ്പ് നൽകിയിട്ടുണ്ട്. 700 ഡോസ് പ്രതിരോധവാക്സിൻ കരുതൽശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കുരങ്ങുപനി പിടിപെടുവാൻ സാദ്ധ്യതയുളള സ്ഥലങ്ങളിലും, മറ്റ് പ്രദേശങ്ങളിലും ബോധവൽക്കരണ ക്ലാസുകൾ, ഐ.ഇ.സി. ബോർഡുകൾ ലഘുലേഖകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളിൽ അവബോധം നൽകുന്നുണ്ട്.
ജില്ലയിൽ കുരങ്ങുപനി തടയുന്നതിന്റെ ഭാഗമായി കുരങ്ങ് ചത്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ ഡസ്റ്റിംഗ് അടക്കമുളള പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. അപ്പപ്പാറ മേഖലയിൽ കർണ്ണാടകയിൽ കൂലിവേലയ്ക്ക് പോകുന്നവരും, നിത്യ സന്ദർശകരുമായ ആളുകൾക്കാണ് കുരങ്ങുപനി അധികവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. കാടുമായി സമ്പർക്കത്തിലേർപ്പെടുന്നവരിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള വിമുഖത പൂർണ്ണമായ പ്രതിരോധ കുത്തിവയ്പിന് തടസ്സമായി നിലനിൽക്കുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
കുരങ്ങുപനി സാദ്ധ്യതയുളള സ്ഥലങ്ങളിലും വനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നവർ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കുക, ചെള്ള്, ഉണ്ണി, വട്ടുണ്ണി മുതലായവ ശരീരത്തിൽ കടിക്കാത്ത വിധം ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കുക, ചെള്ള്, ഉണ്ണി മുതലായവയെ അകറ്റുന്നതിനായുളള ലേപനങ്ങൾ ഉപയോഗിക്കുക. ഗംബൂട്ട് ധരിക്കുക മുതലായവ മുൻകരുതലുകൾ സ്വീകരിക്കണം. കുരങ്ങു ചത്തതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകർ, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ് ജീവനക്കാരെയോ അറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.