പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഗോത്ര ജ്യോതി പദ്ധതിക്ക് മെയ് ഒന്നിന് വയനാട് ജില്ലയിൽ തുടക്കമാകും. അഞ്ച് വയസ്സ് പൂർത്തിയായ മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെയും ഒന്നാം ക്ലാസ് പ്രവേശനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കൽപ്പറ്റ നഗരസഭയിലും, മേപ്പാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലുമാണ് പൈലറ്റ് പ്രൊജക്ടായി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മെയ് ഒന്നു മുതൽ 20 വരെ എല്ലാ പട്ടികവർഗ്ഗ വീടുകളിലും ട്രൈബൽ പ്രൊമോട്ടർമാർ നേരിട്ടെത്തി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെകുറിച്ച് രക്ഷിതാക്കളെ ബോധവത്ക്കരിക്കും. ജനപ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, പൊതു പ്രവർത്തകർ, ജനമൈത്രി പൊലീസ്, ജനമൈത്രി എക്സൈസ്, പാരാലീഗൽ വളണ്ടിയർമാർ, മെന്റർ ടീച്ചർമാർ, ഊരുമിത്ര, സാക്ഷരതാ പ്രേരക്, കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ ഫെസിലിറ്റേറ്റർ, ട്രൈബൽ പ്രൊമോട്ടർമാർ എന്നിവരടങ്ങിയ അഞ്ചിൽ കുറയാത്ത സംഘമാണ് ഓരോ വീടുകളും സന്ദർശിക്കുക. ഇതിനായി എസ്.ടി പ്രൊമോട്ടർമാരെ മൂന്നു പേർ വീതമുള്ള ഓരോ ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രയാസമുള്ളവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങളും പദ്ധതിയിലൂടെ നൽകും. ഹോസ്റ്റലിൽ ചേർത്ത് പഠിപ്പിക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് വകുപ്പ് നടത്തുന്ന വിവിധ ഹോസ്റ്റലുകളിൽ പ്രവേശനം നൽകും. കാട്ടുനായ്ക്ക വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് നൂൽപ്പുഴയിലുള്ള രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിലും അടിയ,പണിയ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് തിരുനെല്ലിയിലുള്ള ഗവ. ആശ്രമം സ്‌കൂളിലുമാണ് പ്രവേശനം നൽകുക.
മെയ് 21 മുതൽ 30 വരെയാണ് രണ്ടാം ഘട്ട ഭവന സന്ദർശനം. വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുള്ളവർ തങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള കോളനികളിൽ എത്തി അഞ്ചു വയസ്സ് പൂർത്തിയായ കുട്ടികളെ തൊട്ടടുത്ത സർക്കാർ സ്‌കൂൾ, എയ്ഡഡ് സ്‌കൂളിൽ ചേർക്കും. പഠനം നിർത്തിയവരെ തുടർന്ന് പഠിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. പഠന സൗകര്യമില്ലാത്ത കോളനികളിൽ വിദ്യാർഥികൾക്കായി സാമൂഹ്യ പഠനമുറി ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. ആദ്യഘട്ടമായി കൽപ്പറ്റ നഗരസഭയിലെ ഓണിവയൽ കോളനിയിലും, മൂപ്പൈനാട് പഞ്ചായത്തിലെ ജയ്ഹിന്ദ് കോളനിയിലും സാമൂഹ്യപഠന മുറി ആരംഭിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ പട്ടികവർഗ്ഗ യുവതി-യുവാക്കളെ ഫെസിലിറ്റേറ്ററായി ഇവിടങ്ങളിൽ നിയമിച്ചു. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കി. വിദ്യാർഥികൾക്കായി ചായ, ലഘു ഭക്ഷണം എന്നിവയും നൽകും. സെന്ററുകളിൽ വിവിധ പത്രങ്ങളും, ആനുകാലികങ്ങളും ഉണ്ടായിരിക്കും. നടപ്പുവർഷം കൽപ്പറ്റ നഗരസഭയിലും, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലുമായി 10 സാമൂഹ്യ പഠനമുറികൾ കൂടി ആരംഭിക്കുവാൻ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.