ഒന്നു മുതൽ  പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പഠപുസ്തകങ്ങളും ‘സമഗ്ര’ പോർട്ടലി  ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതിൽ ഉൾപ്പെടും. പാഠപുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പതിപ്പുകൾ പ്രത്യേകം ലോഗിൻ ചെയ്യാതെ തന്നെ www.samagra.kite.kerala.gov.in  പോർട്ടൽ വഴി ലഭിക്കും.
ഹോം പേജിലെ ‘ടെക്സ്റ്റ് ബുക്‌സ്’എന്ന ലിങ്ക് വഴി മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തരംതിരിച്ച്  പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകൾ ലഭിക്കും. ഇതിനു പുറമെ പ്ലേസ്റ്റോറിൽ  ‘ SAMAGRA ‘ എന്ന് നൽകി ഇൻസ്റ്റാൾ ചെയ്യുന്ന മൊബൈൽ  ആപ്പുവഴിയും മുഴുവൻ പാഠപുസ്തകങ്ങളും ഡിജിറ്റൽ  റിസോഴ്‌സുകളും പൊതുജനങ്ങൾക്കുൾപ്പെടെ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രൂപത്തിൽ  കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കിയിട്ടുണ്ട്.  പ്രൈമറി മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള എല്ലാ അധ്യാപകർക്കും നാല് ദിവസത്തെ വിഷയാധിഷ്ഠിത പരിശീലനവും ഈ മാസം  നൽകുന്നതിനാൽ  പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന വിഭവങ്ങൾ തയ്യാറാക്കുന്നതിനും പാഠാസൂത്രണം നടത്തുന്നതിനും ഡിജിറ്റൽ  പാഠഭാഗങ്ങൾ സഹായിക്കും.