ആരോഗ്യ ജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 10നും 11നും ജില്ലയില്‍ ജനകീയ പങ്കാളിത്തത്തോടെ ഊര്‍ജിത ശുചീകരണം നടത്തുന്നതിന് വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ മഴക്കാലപൂര്‍വ തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ നടപടികള്‍ക്ക് യോഗം രൂപം നല്‍കുകയും ചെയ്തു. ഈ മാസം  ആറ്, ഏഴ്, എട്ട് തീയതികളിലായി  വാര്‍ഡ്തല ശുചിത്വ സമിതികള്‍ ചേരും. വാര്‍ഡുതല ശുചിത്വസമിതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യണം. പഞ്ചായത്തുതലത്തിലും ഇതുസംബന്ധിച്ച് യോഗം ചേരണം. വാര്‍ഡുതലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ കര്‍മപരിപാടി തയാറാക്കണം. കളക്ടറേറ്റ്,  ജനറല്‍ ആശുപത്രി, മറ്റു പൊതു സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി വൃത്തിയാക്കും.
നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കും. എല്ലാ വാര്‍ഡ് തലത്തിലും ആരോഗ്യ സേനകളുടെ ലഭ്യത ഉറപ്പു വരുത്തും. ഓരോ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രം മുഖേന ശുചിത്വ മാപ്പിംഗ് നടത്തി. മഴക്കാലപൂര്‍വ പ്രവര്‍ത്തന കര്‍മ പരിപാടികള്‍ നടപ്പിലാക്കുന്നതിന് ശുചിത്വ മിഷന്‍, എന്‍ എച്ച് എം, പഞ്ചായത്ത് എന്നിവ മുഖേന 25000 രൂപ ഓരോ വര്‍ഡിലേക്കും  അനുവദിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യും.  എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഴ്ചയില്‍ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കും. മഴക്കാലത്തിനു മുന്നോടിയായി കുളങ്ങളും നദികളും തോടുകളും വൃത്തിയായി ഒഴുക്ക് സുഗമമാകുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ വകുപ്പ്  മുഖേന നടപ്പാക്കും.
ജല സ്രോതസുകള്‍ ശുചിയാക്കുന്നതിനായി ക്ലോറിനേഷന്‍ നടത്തും.  മഴക്കാല രോഗ പ്രതിരോധ നടപടികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചതായി ഡിഎംഒ (ആരോഗ്യം) ഡോ. എ എല്‍ ഷീജ പറഞ്ഞു. ഈ മാസം 12 വരെ ജില്ലയില്‍ കുഷ്ഠരോഗ നിര്‍മാര്‍ജന തീവ്രയജ്ഞം നടക്കും. പൊതു സ്ഥലങ്ങളിലും വീടുകളിലും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ജില്ലയിലെ കുടിവെള്ളം ക്ഷാമം നേരിടുന്ന 48 പഞ്ചായത്തുകളിലും ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നത് തുടരുന്നതിന് യോഗം നിര്‍ദേശിച്ചു. ശുദ്ധജല വിതരണത്തിന് നിലവില്‍ ഫണ്ട് ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യകത ബോധ്യപ്പെടുത്തുന്നതിനനുസരിച്ച് കളക്ടറേറ്റില്‍ നിന്നും സമയബന്ധിതമായി ഫണ്ട് അനുവദിക്കും. കുടിവെള്ള വിതരണത്തിനായി അടിയന്തരമായി ഫണ്ട് അനുവദിക്കുന്നതിന് ദുരന്തനിവാരണ നിധിയില്‍ നിന്നും ജില്ലയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. എഡിഎം എഫ്. ക്ലമന്റ് ലോപസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സൈമ, പഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.