വെങ്ങോല: ഹരിതകേരളം മിഷന്‍, കില, കുടുംബശ്രീ മിഷന്‍, ശുചിത്വ മിഷന്‍, ആരോഗ്യവകുപ്പ്, എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല പെൻസിൽ ക്യാംപിന്റെ ജില്ലാതല പരിശീലനം പൂർത്തിയായി. മാലിന്യത്തിന്റെ അളവ് കുറക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൂടുതൽ ഉപയോഗിക്കുകയും ചെയ്യുന്ന ശീലം വളർത്താൻ ലക്ഷ്യമിട്ടാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.

വെങ്ങോല സമൃദ്ധി ഗ്രാമത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിൽ നിന്ന് രണ്ട് വീതവും നഗരസഭകളില്‍ നിന്ന് മൂന്ന് വീതവും കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാരും കോര്‍പ്പറേഷനില്‍ നിന്ന് 5 റിസോഴ്‌സ് പേഴ്‌സണ്‍മാരുമാണ് പങ്കെടുത്തത്.

ഏപ്രിൽ 26ന് ആരംഭിച്ച പരിശീലന പരിപാടിയിൽ 200 പേർ മൂന്ന് ബാച്ചുകളായാണ് പങ്കെടുത്തത്. ഓരോ ബാച്ചിനും രണ്ട് ദിവസങ്ങളിലായാണ് പരിശീലനം നൽകിയത്. അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് മാലിന്യ സംസ്കരണ രീതികൾ നിരീക്ഷിച്ച് ഹരിത ചട്ടം പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിക്കാൻ നിവേദനം തയ്യാറാക്കി.

അംഗങ്ങൾ വീടുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മാലിന്യ സംസ്കരണത്തെ കുറിച്ച് മനസിലാക്കിയ വിവരങ്ങൾ സ്കിറ്റ്, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ ,ഡോക്യുമെൻററി തുടങ്ങിയ രൂപങ്ങളിൽ അവതരിപ്പിച്ചു.
മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതിരുന്നാൽ ഉണ്ടാകാനിടയുള്ള പകർച്ച – പകർച്ചേതര വ്യാധികളെ കുറിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസ് നൽകി. പഴയ വസ്ത്രങ്ങളിൽ നിന്ന് സഞ്ചി ഉണ്ടാക്കി വിൽപന നടത്തി വരുമാനമാർഗം കണ്ടെത്തുന്ന എടയ്ക്കാട്ടുവയൽ കുടുംബശ്രീ അംഗമായ സാവിത്രി തുണി സഞ്ചി ഉണ്ടാക്കുന്നതിനെ കുറിച്ച് വിവരണം നൽകി.

ജില്ലാതല പരിശീലനത്തിന് ശേഷം ബ്ലോക്ക് തല പരിശീലനവും സംഘടിപ്പിക്കും. പരിശീലനം ലഭിച്ചവർ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ എല്ലാ വാർഡിലും 11 മുതൽ 20 വരെ ക്യാംപ് സംഘടിപ്പിക്കും.

അശാസ്ത്രീയമായ മാലിന്യ സംസ്കരണം മൂലമുണ്ടാകുന്ന ആരോഗ്യ- പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും മുതിർന്നവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് പെൻസിൽ ക്യാംപ് ലക്ഷ്യമിടുന്നത്. 6, 7, 8, 9 ക്ലാസുകളിലെ കുട്ടികളാണ് ക്യാംപിൽ പങ്കെടുക്കുക.

കുടുംബശ്രീ കോർഡിനേറ്റർ ടി.പി.ഗീവർഗ്ഗീസ്, ഹരിത കേരളം മിഷൻ കോർഡിനേറ്റർ സുജിത് കരുൺ, കില കോർഡിനേറ്റർ രവി, ഹരിത കേരളം, കുംടുംബശ്രീ റിസോഴ്സ് പേഴ്സൺസ് എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.