കൊച്ചി: തുടർച്ചയായ അഞ്ചാം വർഷവും പദ്ധതി നിർവഹണത്തിൽ നൂറ് ശതമാനം കൈവരിച്ചിരിക്കുകയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്. പൊതുജനാരോഗ്യം – പൊതു വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ മികവുറ്റതാക്കുന്നതിനും, പരിസ്ഥിതി സുരക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള കാർഷിക സംസ്കാരം സംജാതമാകുന്നതിനും, മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും, ദാരിദ്ര്യ നിർമ്മാർജ്ജനവും സാമൂഹിക സുരക്ഷിതത്വവും സ്ത്രീ സുരക്ഷയും ഉറപ്പാക്കുന്നതിനും ഉതകുന്ന വികസന പദ്ധതികൾ ആവിഷ്കരിച്ചാണ് പള്ളുരുത്തി ബ്ലോക്ക് 2018-19 സാമ്പത്തിക വർഷം പ്രവർത്തിച്ചത്. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജൈവ വൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം എന്ന വർക്കിംഗ് ഗ്രൂപ്പ് പുതുതായി രൂപീകരിക്കുകയും ചെയ്തു.

ടൂറിസം ഗ്രാമമായും പ്ലാസ്റ്റിക് വിരുദ്ധ ഗ്രാമമായും ചരിത്രത്തിൽ ഇടം നേടിയ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്, ചാത്തമ്മ, ചേപ്പനം, പനങ്ങാട്, കുമ്പളം എന്നീ ദ്വീപുകൾ ഉൾപ്പെടുന്ന കുമ്പളം ഗ്രാമപഞ്ചായത്ത്, മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്നവരും ഓഖി ദുരന്ത തീവ്രത അനുഭവിച്ചവരും ഉൾപ്പെടുന്ന ചെല്ലാനം ഗ്രാമപഞ്ചായത്ത് എന്നിവ ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഭാഗങ്ങളാണ്. കായലുകളാൽ ചുറ്റപ്പെട്ട പ്രദേശങ്ങൾ ആണെങ്കിലും കുടിവെള്ളം ദൗർലഭ്യം അനുഭവപ്പെടുന്ന മേഖലയാണിത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ ജലാശയങ്ങൾക്കും തോടുകൾക്കും ജീവൻ നൽകുകയും, കിണർ റീചാർജിങ്, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് എന്നീ ജലസംരക്ഷണ പദ്ധതികളിലൂടെ ജല ദൗർലഭ്യം പരിഹരിക്കുന്നതിനും തീവ്രമായ ശ്രമങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് നടത്തുന്നത്.

ഉൽപാദന മേഖലയിൽ ഏറ്റവും പ്രാധാന്യമേറിയ കാർഷിക മേഖലയിലെ പദ്ധതിയായ പെട്ടിയും പറയും ബദൽ മോഡൽ എന്ന പദ്ധതി മൂന്ന് ഗ്രാമപഞ്ചായത്തുകൾക്കും ഗുണപ്രദമായ രീതിയിൽ തുക വകയിരുത്തി നടപ്പാക്കി വരികയാണ്. പാടശേഖരങ്ങളിലെ ജല നിർഗമനത്തിനുള്ള മാർഗമെന്ന നിലയിൽ കാലങ്ങളായി ഉപയോഗിച്ചു വരുന്ന സംവിധാനമാണ് പെട്ടി പറ മോട്ടോർ. ഇതിന്റെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ ഫലപ്രദമായ മാർഗം എന്ന നിലയിൽ മൂന്ന് പഞ്ചായത്തുകളിലും നടപ്പാക്കുന്ന പദ്ധതിയാണ് ‘പൊക്കാളി പാടശേഖരത്തെ ജല നിർഗമനത്തിനൊരു നൂതന മാർഗ്ഗം – പെട്ടി പറ മോട്ടോർ ബദൽ’. പാടശേഖര സമിതിയുമായി കൂടിയാലോചിച്ച് അനുയോജ്യമായ പമ്പുകൾ ആവശ്യമായ പാടശേഖരങ്ങളിൽ സ്ഥാപിച്ച് ജല നിർഗമനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കി വരികയാണ്. പ്രളയത്തിൽ കൃഷി ഭൂമിയിലുണ്ടായ കേടുപാടുകൾ പരിഹരിച്ച് അവിടുത്തെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനും ഈ പദ്ധതി വഴിയൊരുക്കുന്നു.

വനിതാ കർഷകർക്ക് മഴ മറ പദ്ധതി രൂപീകരിച്ച് 12 ഗുണഭോക്താക്കൾക്ക് ഉപകാരപ്രദമായ രീതിയിൽ പൂർത്തീകരിച്ചു വരുന്നു. ശുചിത്വ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയായ ശ്മശാനം നവീകരിക്കലും അറ്റകുറ്റപ്പണിയും പദ്ധതിക്ക് 17 ലക്ഷം രൂപ വകയിരുത്തി. ചെറുകിട വ്യവസായമായി വനിതാ ഗ്രൂപ്പിന് കട്ട നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ധനസഹായവും, യുവജനങ്ങൾക്ക് സ്വയം തൊഴിൽ സംരംഭമായി ഓട്ടോറിക്ഷ എന്നീ പ്രോജക്ടുകളും രൂപീകരിച്ച് നടപ്പാക്കി വരുന്നു. സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫിലൂടെ 39 ലക്ഷം രൂപ ജനറൽ വിഭാഗത്തിനും 23 ലക്ഷം രൂപ പട്ടികജാതി വിഭാഗത്തിനുമായി ചെലവഴിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഉൾനാടൻ മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രം എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിലൂടെ ഉൾനാടൻ മത്സ്യബന്ധനം ഉപജീവനമായുള്ള മത്സ്യത്തൊഴിലാളികൾക്ക് അവരുടെ തൊഴിലും വിപണനവും കൂടുതൽ സുഗമമാക്കുവാൻ സഹായകമാകുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ ആകെ 50 പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയത്.