പാലക്കാട് നഗരസഭയിലെ മാലിന്യ സംസ്‌കരണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ-കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ യോഗം പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്ക-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച ആരോഗ്യജാഗ്രത പദ്ധതിയിലൂടെ പകര്‍ച്ചവ്യാധി വ്യാപനം, അനുബന്ധ രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനായി ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത കേരളം പരിപാടി നടപ്പാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ല നേരിടുന്ന മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. മാലിന്യക്കൂനകള്‍ കണ്ടെത്തി തരംതിരിച്ച് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അഴുകാത്ത മാലിന്യങ്ങള്‍ നഗരസഭ സ്ഥാപിച്ചിട്ടുള്ള (എം.സി.എഫ്) മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളിലേക്കും അഴുകുന്ന മാലിന്യങ്ങള്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനങ്ങളിലൂടെയും വളമാക്കി മാറ്റുകയുമാണ് ലക്ഷ്യം. അധികമുള്ള ജൈവമാലിന്യങ്ങള്‍ അതാതിടങ്ങളിലോ, കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് കുറഞ്ഞത് 30 മീറ്റര്‍ ദൂരത്തില്‍ കുഴിയെടുത്ത് കുഴികമ്പോസ്റ്റാക്കാവുന്നതാണ്. താല്‍ക്കാലികവും അടിയന്തിരവുമായി ചെയ്യേണ്ട പ്രവര്‍ത്തിയായതിനാലാണ് കുഴി കമ്പോസ്റ്റില്‍ സംസ്‌കരിക്കുന്നതിന് നിര്‍ദ്ദേശം. ഇപ്രകാരം കുഴിയെടുത്ത് മാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരം സംവിധാനമാക്കാന്‍ പാടുള്ളതല്ല.
2. നഗരത്തില്‍ മാലിന്യം കുന്നുകൂടുന്ന വഴിയോരങ്ങളില്‍ സൗകര്യപ്രദമായ രീതിയില്‍ ബയോബിന്‍ (അഴുകുന്ന മാലിന്യം വളമാക്കുന്നതിനുള്ള പെട്ടി) സ്ഥാപിച്ച് അതാതിടങ്ങളില്‍ വളമാക്കി മാറ്റുകയും ഓരോ ബയോബിന്നും ഹരിതകര്‍മ്മസേനയെ ഉത്തരവാദിത്തപ്പെടുത്തി പരിപാലനം ഉറപ്പാക്കും. ഫല്‍റ്റുകള്‍, ഗേറ്റഡ് കോളനികള്‍, വ്യാപാര സമുച്ഛയങ്ങള്‍ എന്നിവിടങ്ങളിലും ബയോബിന്‍ സ്ഥാപിച്ച് മാലിന്യം അതാതിടങ്ങളില്‍ സംസ്‌കരിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കേണ്ടതാണ്.
3. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന കൃത്യമായ ഇടവേളകളില്‍ ശേഖരിച്ച് എം.സി.എഫിലേക്ക് മാറ്റേണ്ടതാണ്.
4. വീടുകളില്‍ അഴുകുന്ന മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന് 90 ശതമാനം വരെ സബ്സിഡി ഉറപ്പാക്കും. ഇതിനുവേണ്ട സാങ്കേതിക സഹായം ശൂചിത്വമിഷന്‍, ഐ.ആര്‍.ടി.സി പാലക്കാട് എന്നീ സ്ഥാപനങ്ങളില്‍ നിന്നും സ്വീകരിച്ച് നഗരസഭാ നടപ്പിലാക്കും.
5. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അഴുകുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതോടെ കൊടുമ്പ് മാലിന്യ സംസ്്കരണ ശാലയിലേയ്ക്ക് കൊണ്ടുപോകേണ്ട ജൈവമാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയുകയും, മാലിന്യം കുന്നുകുടുന്നത് ഒഴിവാക്കാനുമാകും.
6. ഹരിതകര്‍മ്മസേനയെ ഉപയോഗിച്ച് നഗരത്തിലുണ്ടാകുന്ന പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സംവിധാനത്തിലേക്ക് അതാത് ദിവസം നീക്കം ചെയ്യേണ്ടതാണ്.
7. റിസോഴ്സ് റിക്കവറി ഫെസിലിറ്റിയുടെ (ആര്‍.ആര്‍.എഫ്) പ്രവര്‍ത്തനം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്താം.