മുളന്തുരുത്തി:  അനുകൂല കാലാവസ്ഥയിൽ മികച്ച വിളവ് നേടി നെൽകർഷകർ. റെക്കോർഡ് വിളവ് ലഭിച്ച സാഹചര്യത്തിൽ നെല്ല് സംഭരണ  നടപടികൾ സിവിൽ സപ്ലൈസ് വകുപ്പ് ഊർജിതമാക്കി. കഴിഞ്ഞവർഷം ഒരു സെന്റിൽ 14 കിലോ വീതം നെല്ല് സംഭരിച്ചിടത്ത് ഈ വർഷം സെന്റിന് 25 കിലോ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. കിലോയ്ക്ക് 25.50 രൂപ വീതമാണ് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നത്.

ഇതിനായി കർഷകർ അക്ഷയ കേന്ദ്രങ്ങളിലൂടെ സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ റെജിസ്റ്റർ ചെയ്യണം. സപ്ലൈകോ തിരഞ്ഞെടുത്ത മില്ലുകളിൽ നെല്ല് എത്തിക്കണം. മില്ലുകളുടെ വിവരം ബന്ധപ്പെട്ട കൃഷി ഓഫീസുകൾ മുഖേനെ അറിയാൻ സാധിക്കും. മില്ലുകളിൽ നെല്ല് നേരിട്ടെത്തിക്കുന്ന കർഷകർക്ക് കിലോയ്ക്ക് ഒരു രൂപ വീതം വണ്ടിക്കാശ് അനുവദിക്കും.

പ്രളയത്തിന് ശേഷം നെൽകൃഷിയെ കരുതലോടെയാണ് കൃഷിവകുപ്പും കർഷകരും സമീപിച്ചത്. പ്രളയാനന്തരം മണ്ണിന്റെ ഘടനയിൽ വന്ന മാറ്റം അനുകൂലമായാണ് നെൽകർഷകർ കാണുന്നത്. പ്രളയത്തിൽ അടിഞ്ഞ എക്കൽ മികച്ച വിളവിന് സഹായകമായി. പ്രളയാനന്തരം കാർഷിക രംഗത്ത് വലിയ ജാഗ്രത പുലർത്തിയിരുന്നു. വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിൽ പരിശീലന പരിപാടികളും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. പാടശേഖരങ്ങളിലെ മണ്ണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വകുപ്പ് നടത്തിയ മുൻകരുതലുകളും വ്യകതമായ മാർഗ്ഗ നിർദ്ദേശങ്ങളും കർഷകർക്ക് ഗുണകരമായി.

എടയ്ക്കാട്ടുവയൽ കൃഷിഭവനിൽ മാത്രം വിവിധ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ച നെല്ല് കർഷകർ 453 പേരാണ്. കൃഷിവകുപ്പും ത്രിതല പഞ്ചായത്തുകളും ചേർന്ന് ഹെക്ടർ ഒന്നിന് 22000 രൂപ വരെ വിവിധ ആനുകൂല്യങ്ങളിലായി നൽകുന്നുണ്ട്. തരിശ് ഭൂമിയിലെ നെൽ കൃഷിക്കായി ഹെക്ടറിന് 30000 രൂപ ധന സഹായം അനുവദിക്കുന്നുണ്ട്. എടയ്ക്കാട്ടുവയൽ കൃഷിഭവന് കീഴിൽ 10 ഹെക്ടറോളം തരിശ് നിലത്താണ് ഇക്കുറി വിളവിറക്കിയത്.

കൃഷിക്കാവശ്യമായ കക്ക 75 ശതമാനം സബ്സിഡിയിൽ സഹകരണ സംഘങ്ങൾ മുഖേനെ ലഭ്യമാക്കുന്നു. കൃഷി ഓഫീസുകൾക്ക് കീഴിലെ കാർഷിക കർമ്മ സേനകളുടെ പ്രവർത്തനവും കൃഷി വ്യാപനത്തിന് സഹായകമായി. കർമ്മ സേനകളുടെ വിവിധ  കൃഷിയന്ത്രങ്ങളും കർഷകർക്ക് ലഭ്യമാക്കിയിരുന്നു. വിവിധ പാടശേഖര സമിതികളുടെ പ്രവർത്തനം കൃഷി വ്യാപനത്തിന് ആക്കം കൂട്ടി.

ജില്ലയുടെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന തോട്ടറപുഞ്ചയിൽ മാത്രം നാല് കർഷക സമിതികൾ ഉണ്ട്. കർഷകർക്കാവശ്യമായ വിവിധ സഹായങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിൽ സമിതികളുടെ പങ്ക് വലുതാണ്. നെൽകൃഷിക്ക് ഏറ്റവും ഭീഷണിയായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഇക്കുറി തോട്ടറപുഞ്ചയിയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. തോടുകളിലെ പായൽ നീക്കിയും ഉയർന്ന ശേഷിയുള്ള മോട്ടോറുകൾ സ്ഥാപിച്ചും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. മിനിറ്റിൽ 50000 ലിറ്റർ  വെള്ളം പമ്പ് ചെയ്യുന്ന 20 പമ്പ് സെറ്റുകൾ വിവിധ പാടശേഖരങ്ങളിലായി സ്ഥാപിച്ചിരുന്നു.

പച്ചക്കറി കൃഷിയിലും ഈ സീസണിൽ പുരോഗതി നേടാനായി. കൃഷി വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചുള്ള പച്ചക്കറി കൃഷി (ജി.എ.പി) എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ 25 ഹെക്ടറിൽ നടക്കുന്നു. അമിത കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കിയുള്ള മാതൃകാ കൃഷിരീതിയാണിത്. വി.എഫ്.പി.സി.കെ യുടെ കീഴിലുള്ള എടയ്ക്കാട്ടുവയൽ കാർഷിക വിപണി ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിന് അവസരമൊരുക്കുന്നു. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലെ വിപണിയിൽ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് വിൽക്കുവാനുള്ള അവസരമൊരുക്കുന്നു.